സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കൊരുങ്ങി ബഹ്‌റൈൻ സംഘടനകൾ
രാജീവ് വെള്ളിക്കോത്ത്
മനാമ : ഇന്ത്യയുടെ 71ാം സ്വാതന്ത്ര്യ ദിനാഘോഷം വർണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിക്കാൻ ബഹ്‌റൈനിലും ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ബഹ്‌റൈനിലെ ഇന്ത്യൻ സംഘടനകൾ എല്ലാം വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. അവധി ദിവസം അല്ലാത്തതിനാൽ അന്ന് പതാക ഉയർത്തൽ ചടങ്ങുകൾ മാത്രം നടത്തി അടുത്ത അവധി ദിവസം അതോടനുബന്ധിച്ചുള്ള പരിപാടികൾ നടത്തുവാനാണ് ചില സംഘടനകൾ ഒരുക്കംകൂട്ടുന്നത്.
ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ പതിവായി നടക്കുന്ന പതാക ഉയർത്തൽ ചടങ്ങുകൾ ഇത്തവണ എംബസിയുടെ സീഫിലെ പുതിയ കെട്ടിടത്തിൽ വെച്ച് നടത്തുന്നു എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഉദ്ഘാടനത്തിന് മുന്പ് തന്നെകെട്ടിടത്തിൽ നടക്കുന്ന ആദ്യ പൊതു പരിപാടിയും ഇതായിരിക്കും. എംബസിയുടെ പുതിയ കെട്ടിടം അടുത്തുതന്നെ പ്രവർത്തനമാരംഭിക്കുകയും ചെയ്തേക്കും. അദ്‌ലിയയിലെ ഇന്ത്യൻ എംബസി കെട്ടിടത്തിലെ സ്ഥലപരിമിതി പലപ്പോഴും
ആളുകൾക്ക് പതാക ഉയത്തൽ ചടങ്ങിന് സംബന്ധിക്കുന്നതിന് തടസ്സമാകാറുണ്ടെങ്കിലും ഇത്തവണ വിശാലമായ പുതിയ എംബസി അങ്കണത്തിൽ വെച്ച് നടത്തുന്നതുകൊണ്ട് തന്നെ എല്ലാ ഇന്ത്യക്കാർക്കും സംബന്ധിക്കുന്നതിനും സൗകര്യമാകും. കേരളീയ സമാജം, ഇന്ത്യൻ ക്ലബ്ബ് തുടങ്ങിയ കുറച്ചു കൂടി സൗകര്യമുള്ള സ്ഥലങ്ങളിൽ വെച്ച് പതാക ഉയർത്തൽ ചടങ്ങുകൾ മുന്പ് എംബസിയുടെ നേതൃത്വത്തിൽ നടത്തിയിരുന്നുവെങ്കിലും മറ്റ് ഇന്ത്യൻ സംഘടനകൾ ഇക്കാര്യത്തിൽ അനിഷ്ടം പ്രകടിപ്പിച്ചതോടെ അദ്‌ലിയയിലെ എംബസിയുടെ പിറകു വശത്തെ ചെറിയ സ്ഥലത്തു വെച്ചായിരുന്നു ഇത്തരം പരിപാടികൾ സംഘടിപ്പിച്ചു പോന്നിരുന്നത്.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു രാവിലെബഹ്‌റൈൻ കേരളീയ സമാജത്തിലും ഇന്ത്യൻ ക്ലബ്ബിലും പതാക ഉയർത്തൽ ചടങ്ങു നടക്കും. വേനൽ അവധി ആയതിനാൽ വിദ്യാർത്ഥികൾ ഇല്ലാതെയായിരിക്കും ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ സ്‌കൂളുകളിലെ പതാക ഉയർത്തൽ ചടങ്ങുകൾ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുവിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാന്പുകൾ മുന്പേ തന്നെ ആരംഭിച്ചിരുന്നു. ബഹ്‌റൈൻ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച നടന്ന ക്യാന്പിൽ നൂറുകണക്കിനാളുകൾ സംബന്ധിച്ചു. ബഹ്‌റൈനിലെ കോൺഗ്രസ്സ് അനുകൂല സംഘടനകളായ ഒഐസിസി, ഐവൈസിസി എന്നിവയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിന പരിപാടികൾ നടത്തിയിരുന്നു. സ്വാതന്ത്ര്യ ദിനത്തിലും ഏരിയാ തലങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
കെഎംസിസിയുടെ ആഭിമുഖ്യത്തിൽ കേരളീയ സമാജത്തിൽ വെച്ച് ആഗസ്റ്റ് 17നാണ് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്. പ്രമുഖവാഗ്മിയും കേരളത്തിലെ അറിയപ്പെടുന്ന നേതാവുമായ അബ്ദുൾ സമദ് സമദാനി ‘നാനാത്വത്തിൽ ഏകത്വം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

