പ്രവാസി ഭാരതീയ ഭീമാ യോജന പദ്ധതി പരിഷ്കരിച്ചു
മനാമ : ഗൾഫ് രാജ്യങ്ങൾ ഉൾപ്പടെ 18 രാജ്യങ്ങളിലെ പ്രവാസി ഇന്ത്യൻ തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കിയ നിർബന്ധിത ഇൻഷുറൻസ് പദ്ധതിയുടെ പരിഷ്‌കരിച്ച പതിപ്പ് ഇന്ന് മുതൽ നിലവിൽ വരും. ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള (ഇസിആർ) തൊഴിലാളികൾക്കുവേണ്ടിയാണ് പ്രവാസി ഭാരതീയ ഭീമാ യോജന (പിബിബിവൈ) എന്ന ഇൻഷുറൻസ് പദ്ധതി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്.
പുതിയ പദ്ധതിപ്രകാരം തൊഴിലാളികളുടെ ആരോഗ്യം, തൊഴിൽ കേസുകൾ എന്നിവ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ നൽകാൻ വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്കു കൂടുതൽ അധികാരം ലഭിക്കും. നേരത്തേ, പദ്ധതിയുടെ ഭാഗമായുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ അതാത് വിദേശ രാജ്യത്തെ സർക്കാരിൽനിന്നു സർട്ടിഫിക്കറ്റുകളും റിപ്പോർട്ടുകളും തൊഴിലാളികൾക്കു ലഭിക്കേണ്ടതുണ്ടായിരുന്നു. അപകടമരണം, അപകടംമൂലമുള്ള അംഗവൈകല്യം തുടങ്ങിയ കാര്യങ്ങൾക്കു തൊഴിലുടമകൾ ക്ലെയിം ഉന്നയിക്കേണ്ട സാഹചര്യവുമുണ്ടായിരുന്നു. എന്നാൽ, പുതിയ നിയമമനുസരിച്ച് ഇത്തരം രേഖകൾ അതതു രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ നൽകിയാൽ മതി. പോളിസി കാലാവധിക്കുള്ളിൽ ജോലി മാറിയാലും അത് ഇനി പോളിസിയെ ബാധിക്കില്ല. 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണ് ഇതിലൂടെ ലഭിക്കുന്നത്. അപകടമരണം, അപകടം മൂലമുള്ള സ്ഥിരമായ അംഗവൈകല്യത്തെ തുടർന്ന് ജോലി നഷ്ടം തുടങ്ങിയ സാഹചര്യങ്ങളിൽ പത്തു ലക്ഷം രൂപ ലഭിക്കും. ഇതു കൂടാതെ അപകടം, അസുഖം എന്നിവ മൂലമുള്ള ആശുപത്രി വാസത്തിനു മെഡിക്കൽ ഇൻഷുറൻസ് തുക 75,000 രൂപയിൽനിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. തൊഴിൽ കേസുകൾ നടത്താനുള്ള ധനസഹായം 30,000 രൂപയിൽനിന്നു 45,000 രൂപയായും ഉയർത്തി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ത്യൻ എംബസി സാക്ഷ്യപ്പെടുത്തണം എന്ന് മാത്രം.
ആരോഗ്യപരമായ കാരണങ്ങളാലോ, മറ്റേതെങ്കിലും കാരണങ്ങളാലോ ജോലി നഷ്ടപ്പെട്ടാൽ നാട്ടിലേയ്ക്കുള്ള മടക്കയാത്രയ്ക്ക് ഇക്കോണമി ക്ലാസ് യാത്രാടിക്കറ്റ് ലഭിക്കും. വനിതകൾക്കു പ്രസവാനുകൂല്യവുമുണ്ട്. സാധാരണ പ്രസവമാണെങ്കിൽ 35,000 രൂപയും സിസേറിയനാണെങ്കിൽ 50,000 രൂപയും ലഭിക്കും. കുടുംബത്തിന്റെ ഇന്ത്യയിലുള്ള ആശുപത്രി ചെലവുകൾക്കു പ്രതിവർഷം പരമാവധി 50,000 രൂപ വരെ ലഭിക്കും. അപകടമരണമോ സ്ഥിരമായ അംഗവൈകല്യമോ സംഭവിച്ചാൽ നാട്ടിലേയ്ക്കു വൺവേ ഇക്കോണമി ക്ലാസ് യാത്രയ്ക്കുള്ള പണം ലഭിക്കും. കൂടെ യാത്ര ചെയ്യുന്ന സഹായിക്ക് ഇരുവശത്തേക്കുമുള്ള യാത്രയ്ക്കുള്ള പണവും ലഭിക്കും. വിദേശരാജ്യത്തെ പ്രവാസി തൊഴിലാളികളെ തൊഴിലുടമ സ്വീകരിക്കാതിരിക്കുക, തൊഴിലിലോ, തൊഴിൽ കരാറിലോ പ്രതികൂലമായ കാര്യങ്ങളുണ്ടാവുക, തന്റേതല്ലാത്ത കാരണത്താൽ ജോലിയിൽനിന്നു കാലാവധി പൂർത്തിയാവുന്നതിനു മുന്‍പേ പിരിച്ചുവിടുക തുടങ്ങിയ സമയങ്ങളിലും നാട്ടിലേക്കുള്ള മടക്കയാത്രാ ടിക്കറ്റ് ചെലവു ലഭിക്കും. ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഇന്ത്യൻ എംബസി സാക്ഷ്യപ്പെടുത്തുകയും ടിക്കറ്റുകളുടെ ഒറിജിനൽ സമർപ്പിക്കുകയും വേണം.
ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനു വിദേശരാജ്യത്തേയ്ക്കുള്ള യാത്രയ്ക്കു മുന്‍പ് 14 ദിവസത്തെ സമയപരിധിവേണമെന്ന നിർദേശം പുതിയ പദ്ധതിയിൽനിന്ന് എടുത്തുകളഞ്ഞിട്ടുണ്ട്. പ്രൊട്ടക്റ്റർ ഓഫ് ഇമിഗ്രന്റ്‌സിനു മുന്‍പാകെ ഇമിഗ്രേഷൻ ക്ലിയറൻസിന് അപേക്ഷിക്കുന്പോൾത്തന്നെ നിർബന്ധിത ഇൻ
ഷുറൻസ് പദ്ധതിയിലും ഉൾപ്പെടുത്തും. രണ്ടുവർഷത്തേയ്ക്ക് 275 രൂപയും മൂന്നു വർഷത്തേയ്ക്ക് 375 രൂപയുമാണ് പ്രീമിയം അടയ്‌ക്കേണ്ടത്. പിന്നീടു പോളിസി ഓൺലൈനായി പുതുക്കാനും സാധിക്കും.

