രാമായണമാസാചരണവുമായി വിവിധ സംഘടനകൾ
മനാമ : കർക്കിടക മാസം പ്രമാണിച്ച് ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ സജീവമായി രാമായണ മാസാചരണം സംഘടിപ്പിക്കുന്നു. മനാമ നാരായണീയ ആശ്രമം, അറാദ് അയ്യപ്പ ക്ഷേത്രം, കാനൂ ഗാർഡൻ അയ്യപ്പ ക്ഷേത്രം, കേരളാ സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷൻ, ഗുരുദേവ കൾച്ചറൽ അസോസിയേഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് രാമായണ പാരായണം നടക്കുന്നത്. ആഗസ്റ്റ് 16 വരെ നീളുന്ന മാസാചരണത്തിന്റെ ഭാഗമായി ദിവസേന വൈകീട്ട് നടത്തുന്ന പാരായണത്തിൽ പങ്കെടുക്കാൻ നിരവധി പേരാണ് കുടുംബസമേതം ഇവിടെ എത്തുന്നത്.
മനാമ നാരായണീയ ആശ്രമത്തിൽ രാമായണമാസാഘോഷത്തിന്‍റെ ഭാഗമായി ദിവസേന വൈകീട്ട് 7 മണി മുതൽ 9 മണി വരെ ബ്രഹ്മശ്രീ മധുസൂദനൻ നന്പൂതിരിയുടെ രാമായണകഥാമാധുരി നടക്കുന്നുണ്ട്. കൂടാതെ വെള്ളിയാഴ്ചകളിൽ രാവിലെ മുതൽ വിവിധ പൂജകളും ഭജനയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കെ. അനിൽ കുമാറിനെ 39807530 എന്ന ഫോൺ നന്പറിൽ ബന്ധപ്പെടാവുന്നതാണ്.

