ഖത്തറു­മാ­യു­ള്ള പ്രശ്നങ്ങൾ അയയു­ന്നു ­; പ്രവാ­സി­ സംരഭകർ പ്രതീ­ക്ഷയിൽ


മനാമ : സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ‍ക്ക് ഖത്തറുമായി നിലനിൽ‍ക്കുന്ന നയതന്ത്ര ബന്ധത്തിലെ പ്രശ്നങ്ങൾ‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളും സ്വദേശികളുമായ വ്യവസായികൾ‍. കഴിഞ്ഞ ദിവസം തുടക്കത്തിൽ‍ മുന്പോട്ട് വെച്ച 13 ആവശ്യങ്ങളിൽ‍ വെട്ടിചുരുക്കി തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ‍ ആറ് തത്വങ്ങൾ‍ പാലിക്കണമെന്നാണ് സൗദി അറേബ്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ‍ ഏറ്റവും പ്രധാനപ്പെട്ടത് മേഖലയിൽ‍ അസമാധാനം വിതയ്ക്കുന്നുവെന്ന് ആരോപിക്കപ്പെട്ട അൽ‍ ജസീറ ചാനൽ‍ അടച്ച് പൂട്ടേണ്ടതില്ല എന്ന നിലപാട് സൗദി അറേബ്യയും സഖ്യ രാജ്യങ്ങളും സ്വീകരിച്ചതാണ്. ഈയൊരു മയപ്പെടുത്തലോടെയാണ് ഖത്തർ‍ അമീറും പ്രശ്നങ്ങൾ‍ അവസാനിക്കാറായി എന്ന തരത്തിലുള്ള സൂചനകൾ‍ നൽ‍കി കഴിഞ്ഞ ദിവസം ടെലിവിഷനിലൂടെ സംസാരിച്ചത്. തങ്ങളുടെ പരമാധികാരം അടിയറ വെക്കാതെ സൗദി അറേബ്യയുമായും മറ്റുള്ളവരുമായി തുറന്ന ചർ‍ച്ചയ്ക്കും പ്രശ്ന പരിഹാരത്തിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഖത്തറുമായുള്ള ബന്ധം വിച്ഛേധിക്കപ്പെട്ടതിന് ശേഷം ഏറെ ദുരിതത്തിലായിരിക്കുന്ന പ്രവാസി സ്വദേശി സംരഭകർ‍ക്ക് ആശ്വാസം നൽ‍കുന്നതാണ് ഈ നടപടി. 

രണ്ട് രാജ്യങ്ങളിലുമായി ബിസിനസ് ചെയ്യുന്നവർ‍ക്ക് ഉപരോധം കാരണം നേരിട്ട് യാത്ര ചെയ്യാൻ പറ്റാത്തതാണ് ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം. ഇത് ബിസിനസുകളെ കാര്യമായിട്ട് തന്നെ ബാധിക്കുന്നുണ്ട് എന്നാണ് അത്തരം സംരഭകർ‍ പറയുന്നത്. മുൻപ് ബഹ്റൈനിൽ‍ നിന്ന് ഖത്തറിൽ പോയി വരാൻ വിമാനത്താവളത്തിൽ എത്തിച്ചേരുന്നതടക്കം രണ്ട് മണിക്കൂർ സമയം മതിയാകുമായിരുന്നുവെങ്കിൽ ഇന്ന് മസ്‌ക്കറ്റ് അല്ലെങ്കിൽ‍ കുവൈത്ത് വഴിയോ ഉള്ള സ‍ഞ്ചാരത്തിന് വളരെയേറെ സമയം എടുക്കുന്നുണ്ട്. കുവൈത്ത് എയർ, ഒമാൻ എയർ തുടങ്ങിയവയെ ആശ്രയിച്ചാണ് ഇപ്പോൾ ബഹ്‌റൈനിൽ‍‍ താമസിക്കുന്ന ഖത്തറിലെ ബിസിനസുകാർ‍ അവിടേയ്ക്കും, തിരികെയും സഞ്ചരിക്കുന്നത്. മാസാവസാനമാകുന്പോൾ‍ രണ്ട് രാജ്യങ്ങളിലെയും ജീവനക്കാർ‍ക്ക് ശന്പളവും, മറ്റ് ചിലവുകളും നൽ‍കുന്നതിന്റെ ഭാഗമായി യാത്ര ചെയ്യേണ്ടി വരുന്നവരാണ് ഇവരിൽ‍ മിക്കവരും. ഇപ്പോഴത്തെ ബുദ്ധിമുട്ട് കാരണം പലപ്പോഴും കൃത്യമായി ഇത് ചെയ്യാൻ സാധിക്കാതെ വരുന്നതായും, ഇത് കടുത്ത പ്രയാസങ്ങൾ‍ ഉണ്ടാക്കുന്നതായും രണ്ടിടത്തും ബിസിനസ് ചെയ്യുന്നവർ‍ പറയുന്നു. ഈ സ്ഥിതി തുടർന്നാൽ ഏതെങ്കിലും ഒരു സ്ഥലത്തേയ്ക്ക് ബിസിനസ് ഒതുക്കേണ്ടി വരുമോ എന്ന ഭയത്തിലാണിവർ‍. 

നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ ബഹ്റൈൻ മലയാളികളുടെ ഉടമസ്ഥതയിൽ ഖത്തറിൽ പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും അടുത്തുള്ള രാജ്യമെന്ന നിലയിലും കുറഞ്ഞ യാത്രാ നേരം എന്നതുകൊണ്ടുമാണ് പലരും ഇത്തരത്തിൽ‍ ബിസിനസ് പങ്കാളിത്തം ഉണ്ടാക്കിയത്. ഇരു രാജ്യങ്ങളിൽ നിന്നുള്ള കന്പനികളിൽ‍ പലതും ജീവനക്കാരുടെ സേവനം പോലും പരസ്പരം ഉപയോഗപ്പെടുത്തുന്നതും സാധാരണയാണ്. പല കോൺ‍ട്രാക്റ്റിങ് കന്പനികളും ഇരുരാജ്യങ്ങളിലുമായി ഏറ്റെടുത്തിരിക്കുന്ന പല ജോലികളുടെയും പൂർത്തികരണത്തിനായി ചീഫ് എഞ്ചിനീയർമാർ അടക്കമുള്ളവർ ഇടയ്ക്കിടെ യാത്ര ചെയ്യേണ്ട സന്ദർ‍ഭങ്ങളും ഉണ്ടാകാറുണ്ട്. മറ്റൊരു പ്രധാന പ്രശ്നം കറൻ‍സി വിനിമയവുമായി ബന്ധപ്പെട്ടാണ്. രണ്ട് രാജ്യങ്ങളിലും കന്പനി പ്രവർ‍ത്തിപ്പിക്കുന്നവർ‍ ലാഭനഷ്ട കണക്കുകളനുസരിച്ച് പരസ്പരം പണം കൈമാറ്റം ചെയ്യുന്നവരാണ് മിക്കവരും. ഇപ്പോൾ‍ ഉപരോധം കാരണം അത് സാധ്യമല്ല. മുന്പ് ബിസിനസുകാർ‍ അല്ലാത്തവർ‍ പോലും ഇടക്കിടെ രണ്ട് രാജ്യങ്ങളിലും കഴിയുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർ‍ശിക്കാൻ യാത്ര ചെയ്യുന്ന പതിവുണ്ടായിരുന്നു. അതും ഇപ്പോൾ‍ തീരെ കുറഞ്ഞിട്ടുണ്ട്. 

ഇങ്ങിനെയുള്ള പ്രതിസന്ധകളെ പരിഹരിക്കാൻ എത്രയും പെട്ടന്ന് എല്ലാ രാജ്യങ്ങൾ‍ക്കും അതിന്റെ ഭരണാധികാരികൾ‍ക്കും സാധിക്കുമെന്ന പ്രത്യാശയിലാണ് ബിസിനസ് സംരംഭകരും, സാധാരണക്കാരും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed