ദാഹജലം നൽകി മാതൃകയായി യുവാക്കൾ
മനാമ :
തലയ്ക്ക് മീതെ ശൂന്യാകാശം താഴെ മരുഭൂമി...
തപസ് ചെയ്യും വേഴാന്പൽ ഞാൻ
ദാഹജലം തരുമോ...
ഈ വരികൾ കെ.പി.എ.സിയുടെ പ്രശസ്തമായ നാടക ഗാനത്തിലേതാണ്. മരുഭൂമി ഇപ്പോൾ ചുട്ടുപൊളുകയാണ്. ചുറ്റിലും നിറയുന്നത്, ജലത്തിന്റെ അളവ് കുറയുന്നത് കാരണം ശരീരം ക്ഷീണിക്കുന്നവരുടെയും മനസ് തളരുന്നവരുടെയും കദന കഥകൾ. ഓരോ ദിവസവും മൂത്രാശയ രോഗങ്ങളും, നീർജലീകരണ പ്രശ്നങ്ങളുമായി എത്രയോ പേർ ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നു. വെള്ളിയാഴ്ച്ച നൽകുന്ന അവധിയുടെ ആലസ്യം ആസ്വദിക്കുന്നവരാണ് വലിയൊരു വിഭാഗം പ്രവാസികളും. എന്നാൽ തന്റെ വീട്ടിലെ അടുപ്പെരിയണമെങ്കിൽ എല്ലാ ദിവസവും ജോലിയെടുത്തേ മതിയാകൂ എന്ന് തിരിച്ചറിയുന്നവരും നമ്മുടെ ഇടയിൽ ജീവിക്കുന്നു. അവർക്ക് ഈ ചൂടുകാലത്ത് ദാഹജലം കൊടുത്തും, പഴങ്ങൾ നൽകിയും സാമൂഹ്യസേവനത്തിന്റെ വലിയൊരു മാതൃക സൃഷ്ടിക്കുകയാണ് ബഹ്റൈനിലെ മലയാളി ബിസിനസുകാരുടെ കൂട്ടായ്മയായ ബിസിനസ് ഫോറത്തിന്റെ യുവജനവിഭാഗം.
ഇന്ന് രാവിലെ ഏഴ് മണി മുതൽ ബഹ്റൈന്റെ പലയിടങ്ങളിലായി തൊഴിലാളികൾക്ക് ഹെൽപ്പ് ആന്റ് ഡ്രിങ്ക് എന്ന പേരിലാണ് ഉരുകുന്ന ചൂടിൽ തെഴിലാളികൾക്ക് വേണ്ടി ഇത്തരമൊരു ജീവകാരുണ്യ പ്രവർത്തനം നടന്നത്. സൽമാനിയ അൽദസ്മ ബേക്കറിക്ക് മുൻവശമുള്ള ഗാർഡനിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അന്പലായിയുടെ അദ്ധ്യക്ഷതയിൽ ചെയർമാൻ ഡോ. ജോർജ്ജ് മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. നിരവധി തൊഴിലാളികളാണ് ഈ പരിപാടിയുടെ ഗുണഭോക്താക്കളായത്. ഉദ്ഘാടനത്തിന് ശേഷം 14 വ്യത്യസ്ത സ്ഥലങ്ങളിൽ സമാനമായ രീതിയിൽ ദാഹജലവും, മറ്റ് ഭക്ഷണ സാധനങ്ങളും വിതരണം ചെയ്യപ്പെട്ടു.
ഭാരവാഹികളായ മൂസഹാജി, സെമീർ ഹംസ, കാസിം പാടത്തകായിൽ, നാസർ ടെക്സിം, സയ്യിദ്, മുനീസ്, അജീഷ്, ബഷീർ, ജിന്നാൻ, സുനിൽ കുമാർ, നാദിർ, നിബിൽ, ഖാലിദ് മൂസ, ഷാജി എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും ഈ പ്രവർത്തനം ഘട്ടംഘട്ടമായി തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ വെച്ച് നടത്തുമെന്ന് ബഷീർ അന്പലായി അറിയിച്ചു.

