പ്രവാസികൾക്ക് വിദേശ രാജ്യത്ത് വോട്ട് ചെയ്യാൻ ഭേദഗതി കൊണ്ടുവരും : കേന്ദ്രം
ന്യൂഡൽഹി : പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിന് ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രസർക്കാർ. ഇന്നലെ ചേർന്ന മന്ത്രിതല സമിതി ഇക്കാര്യത്തിൽ തീരുമാനമെടുത്തെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. നിയമഭേദഗതി എപ്പോൾ നടപ്പാക്കാനാകുമെന്ന് അറിയിക്കണമെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. ഇതിനായി രണ്ടാഴ്ചത്തെ സമയം കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസി വോട്ട് യാഥാർത്ഥ്യമാവുന്നതിലേയ്ക്കുള്ള നിർണായക ചുവടുവെയ്പ്പാണിത്.
പ്രവാസികൾക്ക് അവർ താമസിക്കുന്ന വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനുള്ള ഭേദഗതി നടപ്പിൽ വരുത്താൻ തയ്യാറാണെന്നാണ് സർക്കാർ അറിയിച്ചത്. അറ്റോർണി ജനറൽ കെ.കെ വേണുഗോപാലാണ് കേന്ദ്ര നിലപാട് സുപ്രീംകോടതിയിൽ അറിയിച്ചത്. പ്രവാസികൾക്കു വോട്ടവകാശം നൽകാൻ നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ തത്വത്തിൽ തീരുമാനമെടുത്തിരുന്നു.
പ്രവാസികൾക്ക് വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കണമെന്ന ആവശ്യം 2014ലാണ് കോടതിയുടെ മുന്നിലെത്തുന്നത്. പ്രവാസികൾക്ക് വോട്ടവകാശം നൽകുന്ന കാര്യത്തിൽ നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി വരുത്താനാവുമോയെന്ന് അടിയന്തിരമായി അറിയിക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് നിർദേശിച്ചിരുന്നു.

