ബഹ്റൈ­നിൽ‍ ഫ്ളെ­ക്സി­ബിൾ‍ വർ‍­ക്ക് പെ­ർ‍­മി­റ്റ് ഞാ­യറാ­ഴ്ച മു­തൽ‍ പ്രാ­ബല്യത്തി­ലാ­വും


മനാമ : ബഹ്റൈനിൽ‍ ലേബർ‍ മാർ‍ക്കറ്റ് റെഗുലേറ്ററി അഥോറിട്ടി (എൽ‍.എം.ആർ‍.എ) വിതരണം ചെയ്യാനുദ്ദേശിക്കുന്ന ഫ്ളെക്സിബിൾ‍ വർ‍ക്ക് പെർ‍മിറ്റ് ഈ മാസം 23ന് പ്രാബല്യത്തിൽ‍ വരുത്താനുള്ള എല്ലാ നടപടികളും പൂർ‍ത്തിയായതായി എൽ‍.എം.ആർ‍.എ ചീഫ് എക്സിക്യുട്ടീവ് ഔസാമ അൽ‍ അബ്സി അറിയിച്ചു. സിത്രയിൽ‍ ആരംഭിച്ചിട്ടുള്ള എൽ‍.എം.ആർ‍.എ കേന്ദ്രത്തിലാണ് ഫ്ളെക്സിബിൾ പെർ‍മിറ്റുകൾ‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ബഹ്റൈൻ തൊഴിൽ‍കാര്യമന്ത്രി ജമീൽ‍ ഹുമൈദാൻ ഇവിടം സന്ദർ‍ശിച്ച് കാര്യങ്ങൾ‍ വിലയിരുത്തി. ഗൾ‍ഫിൽ‍ത്തന്നെ ആദ്യത്തേതെന്ന് വിശേഷിപ്പിക്കുന്ന ഫ്ളെക്സിബിൾ‍ വർ‍ക്ക് പെർ‍മിറ്റിന് ദിവസം ചെല്ലുന്തോറും സ്വീകാര്യത വർ‍ദ്ധിക്കുകയാണ്. ഓരോ ദിവസവും നൂറ് കണക്കിന് അന്വേഷണങ്ങളാണ് ലഭിക്കുന്നതെന്നും പുതിയ സംവിധാനത്തിന് ജനങ്ങൾ‍ താൽ‍പ്പര്യം പ്രകടിപ്പിക്കുന്നതിൽ‍ ചാരിതാർ‍ത്ഥ്യമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. 

ഈ മാസം 23 മുതലാണ് അപേക്ഷകളിൽ‍ തീർ‍പ്പു കൽ‍പ്പിക്കുന്നത്. തങ്ങൾ‍ അപേക്ഷിക്കാൻ അർ‍ഹരാണോയെന്നറിയാൻ 33150150 എന്ന നന്പറിലേയ്ക്ക് സി.പി.ആർ‍ നന്പർ‍ അയച്ചാൽ‍ മതിയെന്ന് എൽ‍.എം.ആർ‍.എ നേരത്തേ അറിയിച്ചിരുന്നു. എൽ‍.എം.ആർ‍.എയുടെ വെബ്സൈറ്റിലൂടെ നിരവധി അന്വേഷണങ്ങളാണ് ലഭിക്കുന്നത്. വെബ്സൈറ്റിൽ‍ ഇംഗ്ലീഷ്, ബംഗാളി, ഉർ‍ദു, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ‍ വിശദീകരണം നൽ‍കുന്നുമുണ്ട്. അർ‍ഹരായവർ‍ക്ക് ബ്ലൂ കാർ‍ഡ് ലഭിച്ചു കഴിഞ്ഞാൽ‍ എവിടെയും ജോലിയെടുക്കാം. അതേസമയം മൊബൈൽ‍ നന്പറിലൂടെ മാത്രമേ അപേക്ഷകർ‍ക്ക് തങ്ങളുടെ വിസാ സംബന്ധമായ വിവരങ്ങൾ‍ ലഭ്യമാകൂവെന്നതിനാൽ‍ സ്ഥിരമായി ഒരു മൊബൈൽ‍ നന്പർ‍ അപേക്ഷകന് വേണം. ഫ്ളെക്സിബിൾ‍ വിസ സംബന്ധിച്ച് കൂടുതൽ‍ വിവരങ്ങൾ‍ക്ക് 17103103 എന്ന കാൾ‍ സെന്‍റർ‍ നന്പറിൽ‍ ബന്ധപ്പെടാവുന്നതാണ്.

വിസാ കാലാവധി കഴിഞ്ഞ ശേഷം അനധികൃതമായി രാജ്യത്ത് തങ്ങുന്നവർ‍ക്ക് മാത്രമാണ് ഫ്ളെക്സിബിൾ‍ വർ‍ക്ക് പെർ‍മിറ്റിന് അപേക്ഷിക്കാൻ അർ‍ഹത. ഇതു സംബന്ധിച്ച നിയമവശങ്ങൾ‍ ഈയിടെ ബഹ്റൈൻ ആഭ്യന്തരവകുപ്പ് മന്ത്രി ലെഫ്. ജനറൽ‍ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ‍ ഖലീഫ വിലയിരുത്തിയിരുന്നു. കഴിഞ്ഞ ദിവസം ചേർ‍ന്ന ബഹ്റൈൻ ക്യാബിനറ്റ്, ഫ്ളെക്സിബിൾ‍ വർ‍ക്ക് പെർ‍മിറ്റിന് അംഗീകാരം നൽ‍കുകയും ചെയ്തിരുന്നു.

ഫ്ളക്സിബിൾ‍ വർ‍ക്പെർ‍മിറ്റ് എടുക്കുന്ന തൊഴിലാളിക്ക് ആരുടെ കീഴിലും ജോലി ചെയ്യാം. പാർ‍ട്ട് ടൈം ആയോ, മുഴുവൻ സമയമോ ഒരു തൊഴിലുടമയുടെയോ ഒന്നിലധികം പേരുടെയോ കീഴിൽ‍ പ്രവർ‍ത്തിക്കാം. തൊഴിലാളി തന്നെയാണ് ഫ്ളക്സിബിൾ‍ വർ‍ക്പെർ‍മിറ്റിന് അപേക്ഷിക്കേണ്ടത്. വിവിധ കാരണങ്ങളാൽ‍ മതിയായ രേഖകളില്ലാതെ ഇവിടെ തുടരേണ്ടി വന്നവർ‍ക്ക് നിയമവിധേയമായി രാജ്യത്ത് തുടരാനുള്ള സാഹചര്യമാണ് ഇതുവഴി ഒരുങ്ങുന്നത്. റൺ‍എവെ കേസുള്ളവർ‍ക്ക് ഈ സൗകര്യം ലഭിക്കില്ല. താമസം, സോഷ്യൽ‍ ഇൻഷൂറൻസ്, ആരോഗ്യ പരിരക്ഷ തുടങ്ങിയ കാര്യങ്ങളുടെ ഉത്തരവാദിത്വം തൊഴിലാളിക്ക് തന്നെയായിരിക്കും. ആദ്യഘട്ടത്തിൽ‍ പ്രതിമാസം 2000 പേർ‍ക്കാണ് പെർ‍മിറ്റ് നൽ‍കുക. രണ്ട് വർ‍ഷത്തേയ്ക്കാണ് ഇത് അനുവദിക്കുക. 449 ദിനാർ‍ ആണ് ഫ്ളക്സിബിൾ‍ വർ‍ക്ക് പെർ‍മിറ്റ് ഫീസ്. പ്രതിമാസം ഫീസായി 30 ദിനാർ‍ വീതവും നൽ‍കണം. നാട്ടിലേയ്ക്ക് മടങ്ങാനുള്ള വിമാനടിക്കറ്റിനുള്ള പണവും ഡെപ്പോസിറ്റ് ആയി നൽ‍കേണ്ടി വരും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed