ബാലഭവനിലെ ആൺകുട്ടികളെ പീഡിപ്പിച്ച വൈദികൻ അറസ്റ്റിൽ
കൽപ്പറ്റ : ബാലഭവനിലെ അന്തേവാസികളായ ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം ഒളിവിൽ പോയ വൈദികൻ പിടിയിലായി. കോഴിക്കോട് കുണ്ടുതോട് സ്വദേശി ഫാ.സജി ജോസഫിനെയാണ് മംഗളൂരുവിൽ നിന്ന്് പിടികൂടിയത്. മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ അത്തിനിലം ബാലഭവനിലെ പതിന്നാൽ, പതിനഞ്ച് വയസ് പ്രായമുള്ള ആൺകുട്ടികളെയാണ് സജി പീഡിപ്പിച്ചത്.
ഇയാൾക്കെതിരെ പോക്സോ, ഐ.പി.സി 377, ജുവൈനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മദ്ധ്യവേനലവധിക്കാണ് വൈദികൻ വിദ്യാർത്ഥികളെ തന്റെ മുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചത്. വിദ്യാർത്ഥികൾ മാതാപിതാക്കളോട് വിവരം പറയുകയും പി.ടി.എ കമ്മിറ്റി വഴി ചൈൽഡ് ലൈനിന് പരാതി നൽകുകയുമായിരുന്നു. 35 വിദ്യാർത്ഥികൾ പഠിക്കുന്ന ബാലഭവന്റെ ചുമതലയിൽ നിന്ന് രണ്ടാഴ്ച മുന്പ് വൈദികനെ മാറ്റിയിരുന്നു. വിസൻഷ്യൽ ആശ്രമത്തിന് കീഴിലാണ് ബാലഭവൻ പ്രവർത്തിക്കുന്നത്.

