തെ­രു­വ് ­നാ­യ്ക്കളെ­ കൊല്ലില്ലെന്ന് മു­ഹറഖ് മു­നി­സി­പ്പൽ കൗ­ൺ­സിൽ


മനാമ : തെരുവുനായ്ക്കളെ കൊല്ലില്ലെന്ന് മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ മുഹമ്മദ് അബ്ദുള്ള അൽ സിനാൻ പറഞ്ഞു. ജീവൻ നിലനിർത്താൻ സാധ്യത തീരെ ഇല്ലാത്ത അവസ്ഥകളിൽ മാത്രമേ ദയാവധത്തിന് അനുമതി നൽകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായ്ക്കളെ പിടിച്ചു കൊണ്ട് പോയി കൊല്ലാൻ ലക്ഷ്യമിട്ട് വർക്സ്, മിനിസിപ്പാലിറ്റിസ് ആന്റ് അർബൻ പ്ലാനിങ് മന്ത്രാലയം നടത്തുന്ന പ്രചരണ പരിപാടിയ്‌ക്കെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഹനാപകടത്തിൽപ്പെടുകയോ, അത്യന്തം ഗുരുതരാവസ്ഥയിൽ കഴിയുകയോ ചെയ്യുന്ന നായ്ക്കൾക്ക് മാത്രമേ ദയാവധം പോലും അനുവദിക്കുകയുള്ളൂ. മൃഗങ്ങൾ മൂലം അപകടത്തിലായവരെ രക്ഷിക്കുവാൻ വേണ്ടി മാത്രമേ മൃഗങ്ങളെ വധിക്കുന്നതിനെ കുറിച്ച് ആലോചിക്കാവൂ എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. 

തെരുവ് നായ്ക്കളുടെ ശല്യത്തെ കുറിച്ച് നിരവധി പരാതികളാണ് ഫോൺ കോളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും ലഭിച്ചു കൊണ്ടിരിക്കുന്നത്. നടക്കാനിറങ്ങുന്നവരെ കടിക്കുന്നതും, ട്രാഫിക് അപകടങ്ങൾ വരെ ഉണ്ടാകുന്നതായും റിപ്പോർട്ട് ഉണ്ട്. ഇതിനെല്ലാം ശാശ്വത പരിഹാരം കാണാനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. മനുഷ്യരുടെയും, നായ്ക്കളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി മുനിസിപ്പാലിറ്റി അധികൃതരും, നാഷണൽ സേഫ്റ്റി കൗൺസിലും, അനിമൽ സൊസൈറ്റികളുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും, ഇതിനായി യോഗങ്ങൾ സംഘടിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

തെരുവ് നായ്ക്കൾക്ക് ആഹാരം നൽകുന്നത് തന്നെയാണ് മനുഷ്യരെ ആക്രമിക്കുന്നതിനുള്ള പ്രധാന കാരണം. ജനങ്ങൾ ആഹാരം കൊടുത്ത് ശീലിക്കുകയും, പിന്നീട് അത് ലഭിക്കാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്യുന്പോൾ നായ്ക്കൾ വിശന്ന് വലയുന്നു. പിന്നീട് ആഹാരമന്വേഷിച്ചുള്ള അലഞ്ഞ് നടപ്പിലാണ് മനുഷ്യരെ ഉപദ്രവിക്കുന്നതിന് കാരണമാകുന്നത്. ഈ പ്രശ്നങ്ങൾ പരിഹരിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊണ്ടു വരികയാണെന്ന് അദ്ദേഹം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed