നാ­സിക് ഡോ­ലിൽ താ­ള പ്രപഞ്ചം തീ­ർ­ത്ത് ‘ബീ­റ്റ്‌സ് ഓഫ് ബഹ്‌റി­ൻ­’


മനാമ: ത്തരേന്ത്യൻ വാദ്യോപകരണമായ നാസിക് ഡോലിൽ താള പ്രപഞ്ചം തീർത്ത് ബഹ്‌റിനിലെ ഒരു കൂട്ടം മലയാളി ചെറുപ്പക്കാർ ശ്രദ്ധേയരാവുന്നു. ബീറ്റ്‌സ് ഓഫ് ബഹ്റിൻ എന്ന പേരിലുള്ള ഈ കൂട്ടായ്മ ബഹ്റിനിൽ അരങ്ങേറുന്ന പല ആഘോഷ പരിപാടികളുടെയും സജീവ സാന്നിദ്ധ്യമാണിന്ന്. ഇവിടെ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു കലാസംഘത്തിന് തുടക്കമാവുന്നത്. ആഘോഷങ്ങൾക്ക് കൊഴുപ്പേകാൻ വാദ്യഘോഷക്കാരെ കിട്ടാതായപ്പോഴാണ് എന്തുകൊണ്ട് ഇത്തരത്തിലുള്ള വാദ്യസംഘം ബഹ്റിനിൽ തന്നെ തുടങ്ങിക്കൂടാ എന്നുള്ള ചിന്ത സംഘാംഗമായ ഡാനി, വിപിൻ, സിൻസൺ എന്നിവരിൽ ഉദിച്ചത്. തുടർന്ന് വാദ്യങ്ങൾ എവിടെ കിട്ടുമെന്നുള്ള അന്വേഷണമായി. മുംബൈയിൽ നിന്ന് കാർഗോ വഴി എത്തിയെങ്കിലും പരിശീലനം ചെയ്യാൻ സ്ഥലം ഇല്ലെന്നതായിരുന്നു ആദ്യത്തെ കടന്പ. മറ്റുള്ളവർക്ക് ശല്യമാകാതെ പ്രാക്ടീസ് ചെയ്യാനുള്ള ഇടം ലഭിക്കാൻ നന്നേ ബുദ്ധിമുട്ടിയെന്നും പതിനഞ്ച് പേരടങ്ങുന്ന ഈ കലാസംഘത്തിന്റെ ക്യാപ്റ്റനായ ഡാനി പറഞ്ഞു. എല്ലാവരും ജോലിയുള്ളവരും ജോലി സമയം കഴിഞ്ഞ് ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ചാണ് പരിശീലനം നടന്നത്.

ശബ്ദംകൊണ്ട് കേൾ‍വിക്കാരെ പിടിച്ചു നിർ‍ത്തുന്നതാണ് നാസിക് ഡോൽ മേളം. പുറംചട്ട സ്റ്റീൽ‍ ആയതിനാൽ ഈ വാദ്യോപകരണത്തിന് മുഴക്കമുള്ള ശബ്ദമാണ്. അത് തന്നെയാണ് കേൾവിക്കാരെ ഇതിലേയ്ക്ക് ആകർഷിക്കുന്നതും. പുതുമയുള്ളതെന്തിനെയും ഇരു കൈയും നീട്ടി സ്വീകരിക്കുന്ന ബഹ്റിൻ പ്രവാസികൾ തങ്ങൾക്കും നല്ല പിന്തുണയാണ് നൽകുന്നതെന്ന് ഈ ചെറുപ്പക്കാർ പറയുന്നു. മറ്റ് പ്രവാസി കലാകാരന്മാരെ പോലെ തന്നെ ജോലി തിരക്കുകൾ കഴിഞ്ഞുള്ള സമയം ഇവരും പുതിയ താള മേളങ്ങൾ സൃഷ്ടിക്കുന്ന തിരക്കിൽ തന്നെയാണ്. തങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത അതിന് ഊർജ്ജമാവുന്നു എന്നും ഇവർ അഭിപ്രായപ്പെടുന്നു. തങ്ങൾക്ക് ഇതിലൂടെ ലഭിക്കുന്ന പ്രതിഫലത്തിൽ കൂടുതലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നീക്കി വെക്കാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. ചെണ്ടമേളവും ബാൻഡ് മേളവും അരങ്ങുതകർ‍ത്തിരുന്ന ഇടങ്ങളിലേയ്ക്ക് പുതുമയുള്ള ശബ്ദവും യുവാക്കളുടെ പ്രസരിപ്പുമായാണ് നാസിക് ധോൾ സംഘങ്ങൾ അരങ്ങേറ്റം നടത്തിയത്. ഈ ചെറുപ്പക്കാർ നാസിക് ഡോലിൽ പുതു താളമേളങ്ങൾ തീർക്കാൻ ഒരുങ്ങുന്പോൾ ബഹ്റിനിലെ കലാസ്വാദകർക്കും താള പ്രേമികൾക്കും അതൊരു പുതിയ അനുഭവമാകുന്നു. ഒപ്പം മറ്റ് ചെറുപ്പക്കാരായ കലാകാരന്മാർക്ക് ഈ രംഗത്തേയ്ക്ക് കടന്നു വരാനുള്ള പ്രചോദനവും ആകുമെന്ന് ബീറ്റ്‌സ് ഓഫ് ബഹ്‌റിൻ കലാകാരന്മാർ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed