അറി­യി­ക്കാ­തെ­ വരു­ന്ന നേ­താ­ക്കളെ­ സ്വീ­കരി­ക്കു­വാൻ തയ്യാ­റല്ലെ­ന്ന് ഒ.ഐ.സി­.സി­


മനാമ: കോ-ൺഗ്രസിന്റെ പ്രവാസി സംഘടനയായ ഒ.ഐ.സി.സിയെ ഔദ്യോഗികമായി അറിയിക്കാതെ ബഹ്റിനിൽ വരുന്ന ഒരു കോൺഗ്രസ് നേതാക്കളെയും കാണുവാനും ദർശനം നൽകുവാനും തങ്ങൾ തയ്യാറല്ലെന്ന് ബഹ്റിൻ ഒ.ഐ.സി.സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.  കെ മുരളീധരൻ ബഹ്റിനിൽ എത്തിയപ്പോൾ ഒ.ഐ.സി.സി നേതാക്കൾ കാണാൻ ചെന്നില്ലെന്നും, ഇത് കോൺഗ്രസ് നേതാക്കൾ അവഹേളിച്ചതിന് തുല്യമാണെന്നും ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി ബഷീർ അന്പലായി കഴിഞ്ഞ ദിവസം ഫോർ പി.എം ന്യൂസിലൂടെ ആരോപിച്ചതിന് മറുപടിയായാണ് ഒ.ഐ.സി.സി വാർത്താക്കുറിപ്പ് നൽകിയിരിക്കുന്നത്.

കാലങ്ങളായി ഒ.ഐ.സി.സി എന്ന പ്രസ്ഥാനത്തെ തകർക്കാൻ നടന്നവരും സംഘടനാതിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടവരും ചേർന്ന് തട്ടികൂട്ടിയ സംഘടനകളുടെ പരിപാടികളുമായി ഒരു കാലത്തും ബഹ്റിൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി സഹകരിക്കില്ല. കെ. മുരളീധരൻ ഏതെങ്കിലും വ്യക്തിയുടെ സ്വകാര്യ സ്വത്തല്ല. അദ്ദേഹം കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവാണ്. അദ്ദേഹം മാത്രമല്ല പല കോൺഗ്രസ്സ് നേതാക്കളും ബഹ്റിനിൽ വന്നിട്ടുണ്ട്. പക്ഷെ ഒ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചിട്ട് വന്ന തെന്നല ബാലകൃഷ്ണപിള്ളയെ മാത്രമാണ് ഒ.ഐ.സി.സി ദേശീയ കമ്മിറ്റി സ്വീകരിച്ചതും അദ്ദേഹത്തിന്റെ താൽപ്പര്യ പ്രകാരം വിളിച്ചു ചേർത്ത ദേശീയ എക്സിക്യുട്ടീവിൽ പങ്കെടുത്തതുമെന്നും ഒ.ഐ.സി.സി വ്യക്തമാക്കി.

വിമത സംഘടനകളുടെ പരിപാടികൾക്കായി വരുന്ന നേതാക്കളെ പോയി കാണുന്നതിൽ നിന്ന് ദേശീയ കമ്മിറ്റി ആരെയും വിലക്കിയിട്ടില്ല. എന്നിരുന്നാലും അത്തരം പരിപാടികളുമായി സഹകരിക്കരുതെന്ന് ഭാരവാഹികളെ ഉണർത്തേണ്ട ഉത്തരവാദിത്തം ദേശീയ കമ്മിറ്റിക്കുണ്ട്. 2016 സപ്തംബർ 19ാം തീയതി ചേർന്ന ഒ.ഐ.സി.സി ദേശീയ കമ്മിറ്റി അംഗീകരിച്ച പ്രമേയമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളെ അറിയിച്ചതും കെ. മുരളീധരൻ പങ്കെടുക്കുന്ന പരിപാടിയിൽ സഹകരിക്കേണ്ട എന്ന് തീരുമാനിച്ചതും. കാരണം കെ.പി.സി.സിയുടെ ഔദ്യോഗിക സംഘടന ഒ.ഐ.സി.സി മാത്രമാണ്. രണ്ട് പതിറ്റാണ്ടായി ബഹ്റിനിലെ കോൺഗ്രസ്സ് പ്രവർത്തകർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒ.ഐ.സി.സിക്ക് 2009ലാണ് കെ.പി.സി.സിയുടെ അംഗീകാരം ലഭിച്ചത്. പിന്നീടിങ്ങോട്ട് നടന്ന എല്ലാ സമ്മേളനങ്ങളും തിരഞ്ഞെടുപ്പുകളും കെ.പി.സി.സിയുടെ മേൽനോട്ടത്തിലും ഉന്നതരായ നേതാക്കളുടെ സാന്നിധ്യത്തിലുമാണ് നടന്നിട്ടുള്ളത്.

2014ൽ മാത്രം ഒ.ഐ.സി.സിയിലേയ്ക്ക് കടന്നുവരികയും സ്ഥാനമാനങ്ങൾ നേടുകയും ചെയ്തവരുടെ ഉപദേശങ്ങൾ ഒ.ഐ.സി.സിക്ക് ആവശ്യമില്ല. രണ്ട് യുവ എം.എൽ.എമാർ നിരാഹാര സമരത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയും യൂത്ത്‌ കോൺഗ്രസ്സ്, കെ.എസ്.യു സംഘടനകൾ സംസ്ഥാന സർക്കാരിനെതിരെ സമര മുറകൾക്ക് നേതൃത്വം കൊടുത്ത് കൊണ്ടിരിക്കുകയും ചെയ്ത് വരുന്ന വേളയിൽ ഒ.ഐ.സി.സി ശത്രുക്കളുടെ പരിപാടിയിലേയ്ക്ക് വരികയും പണക്കാരുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്തതിനെ ഞങ്ങൾ പരസ്യമായി ചോദ്യം ചെയ്യാതിരുന്നത് ഞങ്ങളുടെ അച്ചടക്ക ബോധം ഒന്ന് കൊണ്ട് മാത്രമാണ്. പത്ര മാധ്യമങ്ങളിൽ പേര് വരാനും വാർത്തകളിൽ നിറഞ്ഞു നിൽക്കുവാനും വേണ്ടി ചിലർ കാണിക്കുന്ന മൂന്നാം കിട അഭ്യാസപ്രകടനങ്ങൾ ബഹ്റിനിലെ കോൺഗ്രസ്സ് പ്രവർത്തകർ അർഹിക്കുന്ന അവജ്ഞയോടെ തള്ളികളയുക തന്നെ ചെയ്യുമെന്ന് ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണിക്കുളം, രാമനാഥൻ, രഞ്ജിത്ത് പുത്തൻപുരക്കൽ എന്നിവർ സംയുക്തമായി വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed