മുൻ ബഹ്‌റൈൻ പ്രവാസികളായ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
പ്രദീപ് പുറവങ്കര
കൊല്ലം: കടപ്പാക്കട ടൗൺ ലിമിറ്റിൽ വീടിനുള്ളിൽ മുൻ ബഹ്‌റൈൻ പ്രവാസികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ജനനി നഗർ 129-ൽ താമസിക്കുന്ന മുകുന്ദൻ അപ്പുക്കുട്ടൻ (78), ഭാര്യ ബീന മുകുന്ദൻ (74) എന്നിവരാണ് മരിച്ചത്.
50 വർഷത്തോളം ബഹ്‌റൈൻ പ്രവാസികളായിരുന്ന ഇരുവരും അവിടുത്തെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. ബഹ്‌റൈനിലെ എസ്.എൻ.സി.എസ്, ഇസ്കോൺ പ്രസ്ഥാനങ്ങളിൽ നിറസാന്നിധ്യമായിരുന്നു ഇവർ. കലാകാരി കൂടിയായിരുന്ന ബീന മുകുന്ദൻ കൊല്ലം പട്ടത്തുവിള കുടുംബാംഗമാണ്.ബഹ്‌റൈനിലെ മനാമയിൽ പ്രവർത്തിച്ചിരുന്ന സിറ്റി സെന്റർ ഹോട്ടൽ ജീവനക്കാരനായിരുന്നു മുകുന്ദൻ അപ്പുക്കുട്ടൻ.
മുകുന്ദനെ ഡൈനിങ് ടേബിളിന് സമീപത്തും ബീനയെ ബെഡ്‌റൂമിലെ കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ഒരു ദിവസത്തെ പഴക്കമുള്ളതായും മരണത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടത്തിനും ഫൊറൻസിക് പരിശോധനയ്ക്കും ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.
ദമ്പതികളുടെ മക്കൾ ബഹ്റൈനിൽ ആയിരുന്നതിനാൽ വീട്ടിൽ ഇരുവരും മാത്രമായിരുന്നു താമസിച്ചിരുന്നത്. ഇന്നലെ മുതൽ ഇവിടെ ആളനക്കമില്ലാത്തതിനെ തുടർന്ന് പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് മുൻവശത്തെ കതക് ചവിട്ടിത്തുറന്ന് അകത്തുകയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മക്കൾ: അരുൺ (ടാക്കിങ് പിക്ചേഴ്സ്), രാഹുൽ (ബഹ്‌റൈൻ) മരുമക്കൾ: ദിവ്യ അരുൺ, അരുണിമ രാഹുൽ (ബഹ്‌റൈൻ)
aa


