ബഹ്‌റൈൻ കേരള സമാജം ഫിലിം ക്ലബ്ബിന്റെ 'മൂവി ഓഫ് ദി മന്ത്': 'തുംബാദ്' പ്രദർശനം ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ കേരള സമാജം ഫിലിം ക്ലബ്ബിന്റെ 'മൂവി ഓഫ് ദി മന്ത്' ഫിലിം സ്ക്രീനിംഗ് പരമ്പരയുടെ ഭാഗമായി പ്രശസ്ത ഇന്ത്യൻ ഫാന്റസി ഹൊറർ ത്രില്ലർ ചിത്രമായ 'തുംബാദ്' പ്രദർശിപ്പിച്ചു. സമാജം ബാബുരാജൻ ഹാളിൽ നടന്ന പ്രദർശനം ചലച്ചിത്രാസ്വാദകരുടെ വലിയ പങ്കാളിത്തത്തോടെയാണ് സമാപിച്ചത്.
രാഹി അനിൽ ബർവെ സംവിധാനം ചെയ്ത് സോഹം ഷാ മുഖ്യവേഷം അവതരിപ്പിച്ച 'തുംബാദ്', അത്യാഗ്രഹത്തിന്റെയും ധനത്തോടുള്ള മനുഷ്യന്റെ അന്ധമായ ഭ്രാന്തിന്റെയും പ്രമേയങ്ങളെ ആസ്പദമാക്കിയുള്ള ഒരു വ്യത്യസ്ത ചലച്ചിത്ര അനുഭവമാണ്. ഇന്ത്യൻ മിത്തോളജിയുടെ പശ്ചാത്തലത്തിൽ 'ഹസ്തർ' എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഈ ചിത്രം, തലമുറകളായി കൈമാറപ്പെടുന്ന അത്യാഗ്രഹത്തിന്റെ ദാരുണമായ ഫലങ്ങളിലേക്കാണ് വെളിച്ചം വീശുന്നത്. മികച്ച ദൃശ്യവിരുന്നും കലാസംവിധാനവും ശബ്ദസൗന്ദര്യവും ആവേശകരമായ ആഖ്യാനശൈലിയും സമ്മാനിച്ച ഈ ചിത്രം പ്രദർശനത്തിനു ശേഷം ചലച്ചിത്രാസ്വാദകർക്കിടയിൽ സജീവമായ ചർച്ചകൾക്ക് വഴിയൊരുക്കി.
സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ രവികുമാർ, അഭിലാഷ് വെള്ളുകൈ, വിനായചന്ദ്രൻ നായർ, റിയാസ് ഇബ്രാഹിം, ബിനു കരുണാകരൻ, വർഗീസ് ജോർജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഫിലിം ക്ലബ് എക്സിക്യൂട്ടീവ് അംഗം ഇൻ-ചാർജ് രാജീവ് പി. മാത്യു, ഫിലിം ക്ലബ് കൺവീനർ അരുൺ ആർ. പിള്ള, ഫിലിം ക്ലബ് ഭാരവാഹികളായ സൂര്യപ്രകാശ്, ദിലീഷ് കുമാർ, ജയകുമാർ വയനാട്, രവി ആർ. പിള്ള, റോഷ്ന, സന്ധ്യ ജയരാജ്, അജികുമാർ, മനോജ് ഉത്തമൻ എന്നിവർ പരിപാടിയുടെ ഏകോപനത്തിനും നടത്തിപ്പിനും നേതൃത്വം നൽകി. മികച്ച സിനിമകൾ ആസ്വാദകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന പ്രതിമാസ ചലച്ചിത്ര പ്രദർശന പരമ്പരയ്ക്ക് ബഹ്‌റൈനിലെ ചലച്ചിത്ര പ്രേമികളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
#BKSBahrain #Tumbbad #BahrainCinema #BahrainNews
sdfsfdfsd


