രാജകീയ ആദരവ്: ബഹ്‌റൈൻ രാജാവിനായി ഹൃദയസ്പർശിയായ കുറിപ്പുമായി ശൈഖ് നാസർ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിച്ച് മകൻ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പ് ഏറെ ശ്രദ്ധേയമാകുന്നു. അങ്ങയുടെ തണലിൽ വളരാൻ കഴിഞ്ഞതിൽ മകനെന്ന നിലയിൽ അഭിമാനമുണ്ടെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. ഒരു മകന്റെ കണ്ണിലൂടെ നോക്കുമ്പോൾ പകരം വെക്കാൻ ഇല്ലാത്ത പിതാവായും, രാജ്യത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ മറ്റാർക്കും പകരമാകാൻ കഴിയാത്ത ഭരണാധികാരിയായുമാണ് രാജാവിനെ കാണുന്നത് എന്ന് ശൈഖ് നാസർ കുറിച്ചു.
മഹത്വം എന്ന് പറയുന്നത് അധികാരത്തിലല്ല, മറിച്ച് വിനയത്തിലാണ്, മാത്രവുമല്ല പ്രതാപം കിരീടത്തിലല്ല, മറിച്ച് നിലപാടുകളിലാണ് എന്ന് പിതാവ് പഠിപ്പിച്ച് തന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഒരു മനുഷ്യൻ തന്റെ ജീവിതത്തിൽ ബാക്കി വെക്കാനുള്ള ഏറ്റവും വലിയ സമ്പാദ്യം ജനങ്ങളുടെ സ്നേഹമാണെന്ന വലിയ പാഠം പകർന്നുനൽകിയ അദ്ദേഹം, പ്രായം എത്ര കടന്നാലും ജീവിതത്തിൽ എത്ര വലിയ നേട്ടങ്ങൾ കൈവരിച്ചാലും എപ്പോഴും പിതാവിനെ മാതൃകയാക്കുന്ന മകനായി തന്നെ തുടരുമെന്ന് വ്യക്തമാക്കുന്നു. പിതാവിന്റെ സംതൃപ്തിയിലാണ് തന്റെ ഏറ്റവും വലിയ വിജയങ്ങൾ തേടുന്നത് എന്ന് സന്ദേശം വ്യക്തമാക്കുന്നു. ജീവിതകാലം മുഴുവൻ തന്റെ അഭിമാനവും കരുത്തും ശിരസ്സിലെ കിരീടവുമാണ് രാജാവ് എന്ന് പറഞ്ഞുകൊണ്ട്, തനിക്ക് പിതാവായും ബഹ്‌റൈന് രാജാവായും ദൈവം അദ്ദേഹത്തെ ദീർഘകാലം കാത്തുരക്ഷിക്കട്ടെ എന്ന പ്രാർത്ഥനയോടെയാണ് ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.
dsdsdsds


