ഇറാന്റെ ഡ്രോൺ ആക്രമണങ്ങളെ അപലപിച്ച് ബഹ്‌റൈൻ
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തിന് നേരെ ഇന്നലെയുണ്ടായ ഡ്രോൺ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള ഇറാന്റെ ആക്രമണങ്ങളെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിന് മുമ്പ് തന്നെ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് ഇവ നശിപ്പിച്ചു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് ഏറ്റെടുത്തിരുന്നു.
ആക്രമണത്തെ ചെറുക്കുന്നതിൽ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് കാണിച്ച ജാഗ്രതയെ വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്നും, ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങൾക്ക് ഇറാൻ പൂർണ്ണ ഉത്തരവാദിയാണെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സ്വയം പ്രതിരോധത്തിനുള്ള അവകാശം ബഹ്‌റൈനുണ്ടെന്നും, സംയുക്ത പ്രതിരോധ കരാർ പ്രകാരം മറ്റ് ജി.സി.സി രാജ്യങ്ങളുമായും സഖ്യകക്ഷികളുമായും ചേർന്ന് പ്രവർത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
യു.എൻ സുരക്ഷാ കൗൺസിൽ അംഗമെന്ന നിലയിൽ, പ്രമേയം 2817 ഇറാൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ആക്രമണങ്ങൾ അവസാനിപ്പിക്കാനും കർശന നടപടിയെടുക്കണമെന്ന് ബഹ്‌റൈൻ കൗൺസിലിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ സംരക്ഷിക്കാൻ ബി.ഡി.എഫ് പൂർണ്ണ സജ്ജമാണെന്ന് ജനറൽ കമാൻഡ് വ്യക്തമാക്കി. ബഹ്‌റൈന് നേരെയുള്ള ആക്രമണത്തെ ജി.സി.സി, സൗദി അറേബ്യ, അറബ് പാർലമെന്റ്, ജോർദാൻ, യെമൻ, പലസ്തീൻ എന്നിവർ ശക്തമായി അപലപിച്ചു.
dsdfsdsf


