സാമ്പത്തിക മേഖലയിൽ തൊഴിൽ വളർച്ച നേടി ബഹ്റൈൻ സ്വദേശികൾ


പ്രദീപ് പുറവങ്കര

മനാമ: ഡിജിറ്റൽ ബാങ്കിങ് രംഗത്തേക്ക് രാജ്യം അതിവേഗം മുന്നേറുമ്പോഴും ബഹ്‌റൈനിലെ സാമ്പത്തിക മേഖലയിൽ തൊഴിൽ വളർച്ച നേടി സ്വദേശികൾ. 2026-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ഈ മേഖലയിലെ ആകെ ജോലി വളർച്ചയും ബഹ്‌റൈൻ സ്വദേശികൾക്കാണ് ലഭിച്ചത്. ഇതോടെ ധനകാര്യ മേഖലയിലെ ആകെ ജീവനക്കാരുടെ എണ്ണം 14,880 ആയി ഉയർന്നു. സ്വദേശിവൽക്കരണം 70 ശതമാനത്തിലെത്തുകയും ചെയ്തു.

സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ആദ്യ പാദത്തിൽ 97 ബഹ്‌റൈനികൾക്ക് പുതിയതായി ജോലി ലഭിച്ചു. ഇതോടെ സാമ്പത്തിക മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 10,321-ൽ നിന്ന് 10,418 ആയി. അതേസമയം, വിദേശി ജീവനക്കാരുടെ എണ്ണത്തിൽ ഒരാളുടെ കുറവുണ്ടായി (4,462). 2025-ന്റെ അവസാന പാദത്തിൽ 14,784 ആയിരുന്ന ആകെ ജീവനക്കാരുടെ എണ്ണം 96 വർധിച്ചാണ് 14,880-ൽ എത്തിയത്. ബാങ്ക് ശാഖകളുടെ എണ്ണം കുറയുകയും ആളുകൾ മൊബൈൽ ആപ്പുകളിലേക്കും ഓൺലൈൻ ബാങ്കിങ്ങിലേക്കും മാറുകയും ചെയ്യുന്ന പശ്ചാത്തലത്തിലും തൊഴിൽ സാധ്യതകൾ വർധിക്കുന്നത് ശ്രദ്ധേയമാണ്.

തുടർച്ചയായ പാദങ്ങളിൽ ബഹ്‌റൈനൈസേഷൻ നിരക്കിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 2025 രണ്ടാം പാദത്തിൽ 69.5%, മൂന്നാം പാദത്തിൽ 69.7%, നാലാം പാദത്തിൽ 69.8% എന്നിങ്ങനെയായിരുന്ന സ്വദേശിവൽക്കരണം മാർച്ച് അവസാനത്തോടെയാണ് 70 ശതമാനത്തിൽ തൊട്ടത്.

ബാങ്കുകളിൽ ആകെ 7,235 ജീവനക്കാരാണുള്ളത്. ഇതിൽ 5,715 പേരും സ്വദേശികളാണ് (3,419 പുരുഷന്മാരും 2,296 സ്ത്രീകളും). 1,520 വിദേശികളും (1,276 പുരുഷന്മാരും 244 സ്ത്രീകളും) ഈ മേഖലയിൽ ജോലി ചെയ്യുന്നു. റീട്ടെയിൽ ബാങ്കുകളിലെ ജീവനക്കാരുടെ എണ്ണം 5,204 ആയി ഉയർന്നു. ഹോൾസെയിൽ ബാങ്കുകളിൽ 2,001 പേരും റെപ്രസെന്റേറ്റീവ് ഓഫീസുകളിൽ 30 പേരും ജോലി ചെയ്യുന്നു.

ഇൻഷുറൻസ് ഉൾപ്പെടെയുള്ള ബാങ്കിങ് ഇതര സാമ്പത്തിക മേഖലയിൽ 6,907 പേർ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 4,084 പേർ ബഹ്‌റൈനികളും 2,823 പേർ വിദേശികളുമാണ്. ഇൻഷുറൻസ്, റീ-ഇൻഷുറൻസ് കമ്പനികളിൽ 1,556 ജീവനക്കാരാണുള്ളത് (1,188 സ്വദേശികൾ, 368 വിദേശികൾ). ഇൻഷുറൻസ് അനുബന്ധ സ്ഥാപനങ്ങളിൽ 981 പേർ ജോലി ചെയ്യുന്നു.

സാമ്പത്തിക മേഖലയിൽ ആകെ 5,115 സ്ത്രീകളാണ് ജോലി ചെയ്യുന്നത്. ഇതിൽ 4,168 പേരും (ഏകദേശം 81.5%) ബഹ്‌റൈനി വനിതകളാണ്. ഫിനാൻഷ്യൽ സെക്ടർ സപ്പോർട്ട് ബോഡികളിലെ ജീവനക്കാരുടെ എണ്ണം 701-ൽ നിന്ന് 738 ആയി ഉയർന്നു. എന്നാൽ ഇൻവെസ്റ്റ്‌മെന്റ് ബിസിനസ് സ്ഥാപനങ്ങളിലെ തൊഴിൽ പങ്കാളിത്തം 688-ൽ നിന്ന് 685 ആയി നേരിയ കുറവ് രേഖപ്പെടുത്തി.

ബാങ്ക് കൗണ്ടറുകളിലേക്ക് നേരിട്ടെത്തുന്ന ഇടപാടുകാരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. 2025-ന്റെ രണ്ടാം പകുതിയിൽ 'ഫൗറി+' (Fawri+) വഴിയുള്ള പ്രതിദിന ഇടപാടുകൾ 9.6% വർധിച്ചപ്പോൾ, എ.ടി.എം (ATM) വഴിയുള്ള ഇടപാടുകളിൽ 15.1% കുറവുണ്ടായി. പോയിന്റ് ഓഫ് സെയിൽ (POS), ഇ-കൊമേഴ്‌സ് ഇടപാടുകളിൽ 18.3% വർധന രേഖപ്പെടുത്തി. പോയിന്റ് ഓഫ് സെയിൽ ഇടപാടുകളിൽ 78.1 ശതമാനവും കോൺടാക്‌റ്റ്‌ലെസ് സംവിധാനം വഴിയായിരുന്നു.

article-image

sdfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed