കടൽയാത്രാ നിരോധനം ലംഘിച്ചു; ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ബോട്ട് പട്രോൾ ബോട്ടിലിടിക്കുകയും ചെയ്ത കേസിലെ പ്രതികൾ കസ്റ്റഡിയിൽ


പ്രദീപ് പുറവങ്കര

മനാമ: വിലക്ക് ലംഘിച്ച് കടലിൽ പോകുകയും കോസ്റ്റ് ഗാർഡ് പട്രോളിങ് ബോട്ടുമായി കൂട്ടിയിടിച്ച് ഉദ്യോഗസ്ഥർക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിൽ വിട്ടു. മുഹറഖ് ഗവർണറേറ്റ് പ്രോസിക്യൂഷനാണ് പ്രതികളെ കൂടുതൽ അന്വേഷണങ്ങൾക്കായി റിമാൻഡ് ചെയ്തത്.

അതിർത്തി പ്രദേശത്ത് സംശയാസ്പദമായ രീതിയിൽ ബോട്ട് സഞ്ചരിക്കുന്നത് റഡാറിലൂടെ കണ്ടെത്തുകയായിരുന്നു. പരിശോധനയ്ക്കായി അടുത്തേക്ക് വന്ന കോസ്റ്റ് ഗാർഡിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച് ബോട്ട് ഓടിച്ചു പോകാൻ ബോട്ടിലെ ക്യാപ്റ്റൻ ശ്രമിച്ചു. തുടർന്ന് പ്രതികളുടെ ബോട്ട് പട്രോളിങ് ബോട്ടിൽ ഇടിക്കുകയും, ഇതിൽ നിരവധി കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇതിനിടെ ബോട്ടിലുണ്ടായിരുന്ന രണ്ട് പ്രതികൾ കടലിൽ വീഴുകയും ഉദ്യോഗസ്ഥർ ഇവരെ രക്ഷപ്പെടുത്തുകയും ചെയ്തു. തുടർന്ന് മറ്റ് ഉദ്യോഗസ്ഥർ പിന്തുടർന്ന് മൂന്നാമത്തെയാളെയും കസ്റ്റഡിയിലെടുത്തു.

പബ്ലിക് സെക്യൂരിറ്റി ഫോഴ്സ് ജീവനക്കാരെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, നിരോധിത കുരുക്കുവലകൾ (ബോട്ടം ട്രോൾ നെറ്റ്) ഉപയോഗിച്ച് മീൻപിടിക്കൽ, വിലക്കുള്ള സമയത്ത് കടൽയാത്ര നടത്തൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നാവിക വിലക്കുകൾ ലംഘിക്കുകയോ ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണി ഉയർത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

article-image

xxgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed