കിംഗ് ഹമദ് അവാർഡ് ഫോർ കോ എക്‌സിസ്റ്റൻസ് ആൻഡ് ടോളറൻസ്: നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
പ്രദീപ് പുറവങ്കര
മനാമ: സഹവർത്തിത്വത്തിനും സഹിഷ്ണുതയ്ക്കുമുള്ള പ്രശസ്തമായ 'കിംഗ് ഹമദ് അവാർഡ് ഫോർ കോ എക്‌സിസ്റ്റൻസ് ആൻഡ് ടോളറൻസിന്റെ' പുതിയ എഡിഷനിലേക്ക് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. 1 ദശലക്ഷം യു.എസ് ഡോളറാണ് അവാർഡ് തുക. കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ കോ എക്‌സിസ്റ്റൻസ് ആൻഡ് ടോളറൻസ് ആണ് അവാർഡ് പ്രഖ്യാപിച്ചത്.
ലോകമെമ്പാടുമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഒക്ടോബർ 10 വരെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം. 2024ൽ സ്ഥാപിതമായ ഈ അന്താരാഷ്ട്ര പുരസ്കാരം, സംസ്കാരങ്ങളും മതങ്ങളും തമ്മിലുള്ള സഹവർത്തിത്വവും തുറന്ന സമീപനവും പ്രോത്സാഹിപ്പിക്കുന്ന ബഹ്‌റൈന്റെ പാരമ്പര്യത്തെയും കാഴ്ചപ്പാടിനെയും പ്രതിഫലിപ്പിക്കുന്നതാണ്.
സഹിഷ്ണുത, പരസ്പര ബഹുമാനം, സഹവർത്തിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹങ്ങളിൽ സുസ്ഥിരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും സംഭാവനകൾ നൽകിയ വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. തുകയ്ക്ക് പുറമെ, ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ സർട്ടിഫിക്കറ്റും മെഡലും സമ്മാനിക്കും.
ഹമദ് രാജാവിന്റെ ആഗോള സമാധാന കാഴ്ചപ്പാടുകൾ മുൻനിർത്തിയാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അവാർഡ് നിർണ്ണയ സമിതി അധ്യക്ഷനും ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രിയും KHGC ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ ഡോ. ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ വ്യക്തമാക്കി.
രാജ്യാന്തര പ്രശസ്തരായ പ്രമുഖരാണ് അവാർഡ് നിർണ്ണയ സമിതിയിലുള്ളത്. ഡോ. ഷെയ്ഖ് അബ്ദുള്ളയ്ക്ക് പുറമെ ഹംഗറി മുൻ പ്രസിഡന്റ് കാറ്റലിൻ ഇവ നോവാക്, ഹലാ അൽ അൻസാരി, ഡോ. മുഹമ്മദ് അൽ ഖുസൈ, ജലീല ഹസ്സൻ, മാർട്ടിൻ ചുങ്കോങ്, ഡോ. ചിന്മയ് പാണ്ഡ്യ എന്നിവരാണ് സമിതി അംഗങ്ങൾ.
നാമനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും യോഗ്യതാ മാനദണ്ഡങ്ങൾ അറിയുന്നതിനുമായി www.khaward.bh എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
sdfsdf

