ബഹ്‌റൈനിൽ മത്സ്യ ഉപഭോഗം വർദ്ധിക്കുന്നു: കഴിഞ്ഞ വർഷം ഉപയോഗിച്ചത് 25,000 മെട്രിക് ടണ്ണിലധികം മത്സ്യം


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ കഴിഞ്ഞ വർഷം (2025) രാജ്യത്തെ ആകെ മത്സ്യ ഉപഭോഗം 25,000 മെട്രിക് ടൺ കവിഞ്ഞതായി സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് (SCE) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ബഹ്‌റൈൻ ഓപ്പൺ ഡാറ്റ പോർട്ടലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം പ്രാദേശികമായി 16,961.30 ടൺ മത്സ്യം പിടികൂടി. ഇതിന് ഏകദേശം 2 കോടി ബഹ്‌റൈനി ദീനാറിലധികം മൂല്യമുണ്ട്. പ്രാദേശിക ഉൽപ്പാദനത്തിൽ 12,427 ടൺ മത്സ്യം വിദേശത്തേക്ക് കയറ്റുമതി ചെയ്തു.

ഉയരുന്ന ആവശ്യകത പരിഹരിക്കുന്നതിനായി 20,495 ടൺ മത്സ്യം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയും ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് (16,466.23 ടൺ) പ്രാദേശിക മത്സ്യോത്പാദനത്തിൽ 3 ശതമാനത്തിന്റെ നേരിയ വർദ്ധന രേഖപ്പെടുത്തി. ആഭ്യന്തര ഉപഭോഗം 6 ശതമാനം വർധിച്ച് 23,582 ടണ്ണിൽ നിന്ന് 25,029 ടണ്ണിലെത്തി.

പരമ്പരാഗത മത്സ്യബന്ധന രീതിയായ 'ഗർഗൂർ' (Gargoor - കൂടുകൾ) ഉപയോഗിച്ചാണ് ഏറ്റവും കൂടുതൽ മത്സ്യം പിടികൂടിയത് (10,670 ടണ്ണിലധികം). ഗിൽ നെറ്റ് (3,020.90 ടൺ), ചൂണ്ടയും നാടയും (2,510.59 ടൺ) എന്നിവയാണ് മറ്റ് പ്രധാന രീതികൾ. കടൽ സമ്പത്തും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൈച്ചൂണ്ടകൾക്ക് (Khayya) കഴിഞ്ഞ മേയ് മാസം മുതൽ എസ്.സി.ഇ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരുന്നു.

മനാമ സെൻട്രൽ മാർക്കറ്റ് വഴി മാത്രം 7,815.16 ടൺ മത്സ്യത്തിന്റെ കച്ചവടം നടന്നു. നവംബർ, ഡിസംബർ മാസങ്ങളിലായിരുന്നു ഏറ്റവും കൂടുതൽ വിൽപന. കഴിഞ്ഞ വർഷം 426.69 ടൺ ചെമ്മീനും ബഹ്‌റൈൻ കയറ്റുമതി ചെയ്തു. എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച് (567.74 ടൺ) ചെമ്മീൻ കയറ്റുമതിയിൽ 25 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.

രാജ്യത്ത് രജിസ്റ്റർ ചെയ്ത 1,373 ബോട്ടുകളും 4,429 മൽസ്യത്തൊഴിലാളികളുമുണ്ട്. ഷാരി, സാഫി, അന്ദാക് തുടങ്ങിയ ജനപ്രിയ മത്സ്യങ്ങളുടെ ട്രോളിംഗ് നിരോധനം നിലനിന്നിരുന്ന ഏപ്രിൽ മാസത്തിലാണ് ഏറ്റവും കുറഞ്ഞ ഉത്പാദനം (371.26 ടൺ) രേഖപ്പെടുത്തിയത്. നിരോധനം നീങ്ങിയ ജൂൺ മാസത്തിൽ 2,114.17 ടൺ മത്സ്യം പിടികൂടാൻ സാധിച്ചു. ഫെബ്രുവരി 1 മുതൽ ജൂലൈ 31 വരെയുള്ള ആറുമാസത്തെ ചെമ്മീൻ പിടുത്ത നിരോധനത്തിന് തൊട്ടുമുമ്പ്, ജനുവരി മാസത്തിലാണ് ഏറ്റവും കൂടുതൽ ചെമ്മീൻ കയറ്റുമതി (3,13,100 ദീനാർ മൂല്യമുള്ളത്) നടന്നത്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed