സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് പ്രതിമാസം കുറഞ്ഞത് 15 ദീനാർ യാത്രാബത്ത നൽകണം: നിയമഭേദഗതി നിർദ്ദേശവുമായി ബഹ്‌റൈൻ എം.പി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പ്രതിമാസം കുറഞ്ഞത് 15 ദീനാർ യാത്രാബത്ത (ട്രാവൽ അലവൻസ്) ഉറപ്പാക്കണമെന്ന നിർദ്ദേശവുമായി പാർലമെന്റ് അംഗം ജലാൽ കാസിം. നിലവിൽ കമ്പനികൾ യാത്ര സൗകര്യം നൽകുന്നുണ്ടെങ്കിൽ അവർക്ക് ഈ തുക ലഭിക്കില്ല.
2012-ലെ 36-ാം നമ്പർ തൊഴിൽ നിയമത്തിലെ പത്താം വകുപ്പ് ഭേദഗതി ചെയ്യാനാണ് എം.പി നിർദ്ദേശിച്ചിരിക്കുന്നത്. വർഷങ്ങളായി ശമ്പള വർദ്ധനവില്ലാത്ത സാഹചര്യത്തിൽ, ഇന്ധനവിലയും യാത്രാച്ചെലവും വർദ്ധിച്ചത് സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ കുടുംബ ബജറ്റിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ജലാൽ കാസിം ചൂണ്ടിക്കാട്ടി.
പൊതുമേഖലാ ജീവനക്കാർക്ക് നിലവിൽ കുറഞ്ഞത് 20 ദീനാർ യാത്രാബത്ത ലഭിക്കുന്നുണ്ട്. പുതിയ നിർദ്ദേശം നടപ്പിലാകുന്നതോടെ സ്വകാര്യ-പൊതു മേഖലകൾ തമ്മിലുള്ള ആനുകൂല്യങ്ങളിലെ അന്തരം കുറയ്ക്കാനാകും. കൂടാതെ, കൂടുതൽ സ്വദേശികളെ സ്വകാര്യ മേഖലയിലെ ജോലികളിലേക്ക് ആകർഷിക്കാനും ഉയർന്ന ജീവിതച്ചെലവിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകാനും ഈ ഭേദഗതി സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
xvxvxcv

