ഹെയർ ഡൈ ഡപ്പികളിൽ മയക്കുമരുന്ന് കടത്താൻ ശ്രമം: 15 വർഷം തടവും പിഴയും ശരിവെച്ച് ബഹ്റൈൻ കോടതി


പ്രദീപ് പുറവങ്കര

മനാമ: ഹെയർ ഡൈ (Hair Dye) ഡപ്പികൾക്കുള്ളിൽ ഒളിപ്പിച്ച് 6.5 കിലോഗ്രാം സിന്തറ്റിക് കഞ്ചാവ് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഏഷ്യൻ സ്വദേശിയുടെ അപ്പീൽ കോടതി തള്ളി. പ്രതിക്ക് മുൻപ് വിധിച്ച 15 വർഷത്തെ തടവുശിക്ഷയും 10,000 ബഹ്‌റൈനി ദീനാർ പിഴയും ഹൈ ക്രിമിനൽ കോർട്ട് ഓഫ് അപ്പീൽ ശരിവെച്ചു.

ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ രാജ്യത്ത് നിന്ന് നാടുകടത്താനും പിടിച്ചെടുത്ത ലഹരിമരുന്നുകൾ കണ്ടുകെട്ടാനുമുള്ള ഉത്തരവും കോടതി ശരിവെച്ചിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട രണ്ടാമത്തെ പ്രതി അപ്പീൽ നൽകിയിരുന്നില്ല. ഇയാൾക്ക് ആറുമാസം തടവും 1,000 ദീനാർ പിഴയും ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനുമായിരുന്നു മുൻപ് വിധി പ്രസ്താവിച്ചിരുന്നത്.

യൂറോപ്യൻ രാജ്യത്ത് നിന്നും ഒന്നാം പ്രതിയുടെ വിലാസത്തിൽ വന്ന സംശയാസ്പദമായ പാഴ്‌സൽ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. പാഴ്‌സലിലുണ്ടായിരുന്ന 12 ഹെയർ ഡൈ ഡപ്പികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സിന്തറ്റിക് കഞ്ചാവ് കണ്ടെത്തിയത്.

തുടർന്ന് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ താമസ്ഥലത്ത് നടത്തിയ പരിശോധനയിൽ കൂടുതൽ സിന്തറ്റിക് കഞ്ചാവ്, ക്രിസ്റ്റൽ മെത്താംഫെറ്റമൈൻ (Crystal Meth), മരിജുവാന എന്നിവയും ലഹരിമരുന്ന് പാക്ക് ചെയ്യാനുപയോഗിക്കുന്ന സാമഗ്രികളും ഡിജിറ്റൽ ത്രൊാസും പിടിച്ചെടുക്കുകയുമായിരുന്നു.

വില്പനയ്ക്കും വ്യക്തിഗത ഉപയോഗത്തിനുമായാണ് മയക്കുമരുന്ന് ഇറക്കുമതി ചെയ്തതെന്ന് അന്വേഷണ സംഘം കണ്ടെത്തി. പോലീസിന്റെ റെയ്ഡിനിടെ അവിടെയെത്തിയ രണ്ടാമത്തെ പ്രതി ലഹരിമരുന്ന് ഉപയോഗിച്ച നിലയിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

article-image

erer

You might also like

  • Lulu Exchange
  • Straight Forward

Most Viewed