സെക്യൂരിറ്റി ഗാർഡ്സ് ട്രെയിനിംഗ് സ്കൂളിന്റെ പുതിയ കെട്ടിടം ബഹ്റൈൻ ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ സുരക്ഷാ മേഖലയുടെ പുരോഗതിക്ക് പരിശീലനവും പ്രൊഫഷണൽ വികസനവുമാണ് പ്രധാന അടിത്തറയെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ സെക്യൂരിറ്റി ഗാർഡ്സ് ട്രെയിനിംഗ് സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ എത്തിയ ആഭ്യന്തര മന്ത്രി ഫലകം അനാച്ഛാദനം ചെയ്തുകൊണ്ടാണ് പുതിയ സൗകര്യത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിർവ്വഹിച്ചത്. സ്വകാര്യ സെക്യൂരിറ്റി, ഗാർഡ് കമ്പനികൾക്കുള്ള ലൈസൻസ് വിതരണം, ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള യോഗ്യതാ-പരിശീലന പരിപാടികൾ ഉൾപ്പെടെയുള്ള പ്രധാന സേവനങ്ങൾ പുതിയ കേന്ദ്രത്തിൽ ലഭ്യമാകും.
കാര്യക്ഷമത, സജ്ജീകരണം, മാനവിക ശേഷി, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിൽ നിക്ഷേപം നടത്തുന്ന സ്ഥാപനങ്ങൾക്കാണ് ഭാവി സ്വന്തമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സുരക്ഷാ സേവനങ്ങളിൽ ആധുനിക ശാസ്ത്രീയ രീതികളും അന്താരാഷ്ട്ര പരിശീലന മാനദണ്ഡങ്ങളും നടപ്പിലാക്കുന്നതിലൂടെ വളർന്നുവരുന്ന സുരക്ഷാ വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പൗരന്മാർക്കും താമസക്കാർക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്ന സമഗ്ര തന്ത്രപ്രധാന പദ്ധതിയുടെ ഭാഗമാണ് ഈ പുതിയ കെട്ടിടം.
സന്ദർശനത്തിനിടെ, സ്കൂളിന്റെ സേവനങ്ങളെക്കുറിച്ചും ഇലക്ട്രോണിക് സംവിധാനങ്ങളെക്കുറിച്ചും മന്ത്രിക്ക് വിശദീകരിച്ചു നൽകി. ദേശീയ പരാതി-നിർദ്ദേശ സംവിധാനമായ 'തവാസുൽ', അപ്പോയിന്റ്മെന്റ് സംവിധാനമായ 'മവാഈദ്' എന്നിവയുമായി സ്കൂളിലെ ഓൺലൈൻ സേവനങ്ങൾ ബന്ധിപ്പിച്ചിട്ടുണ്ട്.
സ്ഥാപിതമായതിനുശേഷം ഇതുവരെ 22,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥർക്ക് സ്കൂൾ പരിശീലനം നൽകിയിട്ടുണ്ട്. 2025-ൽ മാത്രം ഏകദേശം 2,150 സുരക്ഷാ ജീവനക്കാർ അടിസ്ഥാന പരിശീലനവും റീഫ്രഷർ കോഴ്‌സുകളും പൂർത്തിയാക്കി. ഒരു ഘട്ടത്തിൽ 278 പേർക്ക് വരെ പരിശീലനം നൽകാനുള്ള ശേഷി ഈ കേന്ദ്രത്തിനുണ്ട്.
dfgdg

