ബഹ്‌റൈനിൽ വ്യാപാര സ്ഥാപനങ്ങളിൽ മന്ത്രാലയത്തിന്റെ വ്യാപക പരിശോധന; ലംഘനങ്ങൾ കണ്ടെത്തി, ഒരു സ്ഥാപനം പൂട്ടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബഹ്‌റൈനിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ വ്യവസായ-വാണിജ്യ മന്ത്രാലയം നടത്തിയ വ്യാപക പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.
മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ നാല് ഭക്ഷ്യ വിപണന സ്ഥാപനങ്ങളിലാണ് പ്രധാനമായും നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഉൽപ്പന്നങ്ങളുടെ വില പ്രദർശിപ്പിക്കാതിരിക്കുക, ഷെൽഫിൽ രേഖപ്പെടുത്തിയ വിലയും കൗണ്ടറിൽ ഈടാക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസം, കാലഹരണപ്പെട്ട ഉൽപ്പന്നങ്ങൾ വിൽപനയ്ക്ക് വെക്കുക തുടങ്ങിയ ഗുരുതരമായ വീഴ്ചകളാണ് ഈ സ്ഥാപനങ്ങളിൽ കണ്ടെത്തിയത്.
കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് എതിരെ ഉടനടി നടപടി സ്വീകരിച്ച അധികൃതർ, തെറ്റായ നടപടികൾ തിരുത്താൻ ഔട്ട്‌ലെറ്റുകൾക്ക് നിർദ്ദേശം നൽകി. ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള നിയമപ്രകാരം ഇവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
സൗത്ത് ഗവർണറേറ്റിലെ ഒരു വ്യാപാര സ്ഥാപനത്തിൽ വിലക്കയറ്റവുമായി ബന്ധപ്പെട്ട തിരിമറിയും പരിശോധകർ കണ്ടെത്തി. മുൻപ് റിപ്പോർട്ട് ചെയ്ത നിയമലംഘനങ്ങൾ തിരുത്തുന്നതിൽ ഈ സ്ഥാപനം പരാജയപ്പെട്ടതിനെ തുടർന്ന്, മന്ത്രാലയം ഇതിന്റെ താൽക്കാലികമായി പൂട്ടിയിടാൻ ഉത്തരവിടുകയും തുടർ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയിലെ സ്ഥിരത നിലനിർത്തുന്നതിനുമായി രാജ്യവ്യാപകമായി പരിശോധനാ ക്യാമ്പെയ്‌നുകൾ ശക്തമായി തുടരുമെന്ന് വ്യവസായ-വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
dsdsdsds

