ലഹരിക്കെതിരെ ബഹ്‌റൈൻ: കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തത് രണ്ടായിരത്തിലധികം മയക്കുമരുന്ന് കേസുകൾ
പ്രദീപ് പുറവങ്കര
മനാമ: സമൂഹത്തെ മയക്കുമരുന്നിന്റെ വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി രാജ്യം ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും കഴിഞ്ഞ വർഷം മാത്രം രണ്ടായിരത്തിലധികം ലഹരിക്കേസുകൾ റിപ്പോർട്ട് ചെയ്തതായും ആന്റി നാർക്കോട്ടിക്സ് ഡയറക്ടറേറ്റ് ഡയറക്ടർ കേണൽ മുഹമ്മദ് അൽ ബുഐനൈൻ വ്യക്തമാക്കി. മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് പദാർത്ഥങ്ങളുടെയും കടത്ത് തടയുന്നതിനായി സുരക്ഷാ പദ്ധതികൾ നിരന്തരം നവീകരിക്കുന്നുണ്ട്. അത്യാധുനിക പരിശോധനാ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സമഗ്രമായ സുരക്ഷാ സംവിധാനങ്ങളാണ് ബഹ്‌റൈന്റെ എല്ലാ പ്രവേശന കവാടങ്ങളിലും സജ്ജീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം രാജ്യത്ത് ആകെ 2,006 മയക്കുമരുന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 1,509 കേസുകൾ രാജ്യത്തിനകത്തും, 218 എണ്ണം കിംഗ് ഫഹദ് കോസ്‌വേയിലും, 269 എണ്ണം ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലും, രണ്ട് കേസുകൾ ഖലീഫ ബിൻ സൽമാൻ പോർട്ടിലുമാണ് രേഖപ്പെടുത്തിയത്. പിടിക്കപ്പെട്ട കേസുകളിൽ 136 എണ്ണം മയക്കുമരുന്ന് കടത്തായും, 177 എണ്ണം വിതരണമായും, 1,464 എണ്ണം വ്യക്തിഗത ഉപയോഗത്തിനായും തരംതിരിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ഉടമസ്ഥരില്ലാത്തതും മറ്റ് വിഭാഗങ്ങളിൽപ്പെടുന്നതുമാണ്. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ മാത്രം 475 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 348 എണ്ണം രാജ്യത്തിനകത്തും, 42 എണ്ണം കോസ്‌വേയിലും, 85 എണ്ണം വിമാനത്താവളത്തിലുമാണ് പിടികൂടിയത്. അതിർത്തികൾ സുരക്ഷിതമാക്കാൻ കസ്റ്റംസ്, കോസ്റ്റ് ഗാർഡ്, പോലീസ് ഏവിയേഷൻ, ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടറേറ്റ് എന്നിവരുമായി സംയുക്തമായാണ് ആന്റി നാർക്കോട്ടിക്സ് വിഭാഗം പ്രവർത്തിക്കുന്നത്. ഇതിനായി ഉയർന്ന ശേഷിയുള്ള എക്‌സ്-റേ മെഷീനുകൾ, സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങൾ, പോലീസ് നായ്ക്കൾ എന്നിവയുടെ സഹായത്തോടെ വാഹനങ്ങളും വ്യക്തികളും ചരക്കുകളും സൂക്ഷ്മമായി പരിശോധിച്ചുവരുന്നു.
സമീപകാലത്തായി പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കളുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. പരമ്പരാഗത മയക്കുമരുന്നുകൾക്ക് പുറമെ നാഡീവ്യൂഹത്തെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്ന ഐസ് അല്ലെങ്കിൽ ഷാബു (Methamphetamine) പോലുള്ള കൃത്രിമ രാസലഹരികളുടെ സാന്നിധ്യം വർദ്ധിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ ലഭ്യമാകുന്ന ലഹരിഗുളികകളും സിന്തറ്റിക് ദ്രാവകങ്ങളും ഉപയോഗിച്ച് യുവാക്കളെയാണ് വിതരണ ശൃംഖലകൾ പ്രധാനമായും ലക്ഷ്യമിടുന്നത്. സുരക്ഷാ പരിശോധനകൾ വെട്ടിക്കാനായി തെറ്റിദ്ധരിപ്പിക്കുന്ന പേരുകളിലും സാധാരണ ഉൽപ്പന്നങ്ങളുടെ വ്യാജേനയുമാണ് ഇവ വിപണിയിൽ എത്തിക്കുന്നത്. നേരിട്ട് ബന്ധപ്പെടാതെ മുൻകൂട്ടി നിശ്ചയിച്ച രഹസ്യ കേന്ദ്രങ്ങളിൽ മയക്കുമരുന്ന് ഒളിപ്പിച്ചു വെക്കുന്ന 'ഡെഡ് ഡ്രോപ്പ്' രീതിയാണ് ഇവർ പ്രധാനമായും ഉപയോഗിക്കുന്നത്.
ലഹരി വിപത്തിനെതിരെ സമൂഹത്തിൽ വലിയ രീതിയിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും മന്ത്രാലയം നടത്തുന്നുണ്ട്. സംശയാസ്പദമായ വെബ്‌സൈറ്റുകളെ നിരീക്ഷിക്കാനും ലഹരി വിതരണ ശൈലികൾ വിശകലനം ചെയ്യാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഡയറക്ടറേറ്റ് ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമെ സ്കൂളുകൾ, സർവ്വകലാശാലകൾ, ജോലിസ്ഥലങ്ങൾ, കായിക ക്ലബ്ബുകൾ, ആരാധനാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് വിപുലമായ പ്രദർശനങ്ങളും ശില്പശാലകളും പ്രഭാഷണങ്ങളും സംഘടിപ്പിച്ചു വരുന്നു. ലഹരിയോട് 'നോ' പറയാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ ക്യാമ്പയിനുകളുടെ ലക്ഷ്യം. മക്കളുടെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും സംശയകരമായ സാഹചര്യങ്ങളിൽ തുടക്കത്തിൽ തന്നെ ഇടപെടാനും കുടുംബങ്ങൾ ജാഗ്രത പാലിക്കണമെന്നും, ലഹരിക്ക് അടിമപ്പെട്ടവരെ കൃത്യമായ ചികിത്സാ മാർഗ്ഗങ്ങളിലേക്ക് നയിക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും കേണൽ മുഹമ്മദ് അൽ ബുഐനൈൻ കൂട്ടിച്ചേർത്തു.
jhjhjhj

