പൊതുസ്ഥലങ്ങളിലേക്ക് വസ്ത്രങ്ങൾ ഉണക്കാനിട്ടാൽ 100 ദീനാർ പിഴ; മുന്നറിയിപ്പുമായി ബഹ്റൈൻ നോർത്തേൺ മുനിസിപാലിറ്റി
പ്രദീപ് പുറവങ്കര
മനാമ: റോഡുകളിലേക്കോ നടപ്പാതകളിലേക്കോ തള്ളിനിൽക്കുന്ന രീതിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നവർക്ക് 100 ബഹ്‌റൈനി ദീനാർ ഒത്തുതീർപ്പ് പിഴ ചുമത്തുമെന്ന് നോർത്തേൺ മുനിസിപാലിറ്റി മുന്നറിയിപ്പ് നൽകി. വീടുകളുടെയോ കടകളുടെയോ അതിരുകൾക്ക് പുറത്തേക്ക് തുണികൾ ഉണക്കാനിടുന്നതും കൊടികൾ, വസ്ത്രങ്ങൾ തൂക്കുന്ന റാക്കുകൾ എന്നിവ സ്ഥാപിക്കുന്നതും പൊതുസ്ഥലം നിയമവിരുദ്ധമായി കൈയേറുന്ന പരിധിയിൽ വരുമെന്ന് നഗരസഭ വ്യക്തമാക്കി. ലൈസൻസില്ലാത്ത കാർ ഷെഡുകൾ, താൽക്കാലിക വേലികൾ, ബാരിയറുകൾ എന്നിവയ്ക്ക് തുല്യമായാണ് ഇത്തരം നിയമലംഘനങ്ങളെയും കണക്കാക്കുക.
ഇത്തരം നിയമലംഘനങ്ങൾക്ക് സാധാരണയായി 50 ദീനാർ മുതൽ 300 ദീനാർ വരെയാണ് പിഴ ഈടാക്കാറുള്ളതെന്ന് നഗരസഭ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. എന്നാൽ പരമാവധി പിഴയായ 300 ദീനാറിന്റെ മൂന്നിലൊന്ന് തുകയായ 100 ദീനാർ അടച്ച് നിയമലംഘകർക്ക് കേസ് ഒത്തുതീർപ്പാക്കാവുന്നതാണ്. പൊതുനടപ്പാതകൾ, തെരുവ്, അല്ലെങ്കിൽ പൊതുവായ മറ്റ് സ്ഥലങ്ങൾ എന്നിവയ്ക്ക് മുകളിലേക്ക് തള്ളിനിൽക്കുന്ന രീതിയിൽ വസ്ത്രങ്ങൾ, കമ്പുകൾ, കയറുകൾ, റാക്കുകൾ എന്നിവ സ്ഥാപിക്കുന്നതിനെല്ലാം ഈ നിയമം ബാധകമാണ്.
ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവരോട് സാധനങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകാം. മുന്നറിയിപ്പ് അവഗണിക്കുന്ന സാഹചര്യത്തിൽ, വസ്ത്രങ്ങളും റാക്കുകളും ഉൾപ്പെടെയുള്ളവ നഗരസഭ ഉദ്യോഗസ്ഥർ നേരിട്ട് നീക്കം ചെയ്യുകയും അതിന്റെ ചെലവ് ഉടമയിൽ നിന്ന് ഈടാക്കുകയും ചെയ്യും.
പൊതുസ്ഥലങ്ങളോ റോഡുകളോ അനുമതിയില്ലാതെ കൈയേറുന്നതിനെതിരെയുള്ള ബഹ്‌റൈൻ പബ്ലിക് റോഡ്സ് ഒക്യുപേഷൻ നിയമപ്രകാരം 20 ദീനാർ മുതൽ 500 ദീനാർ വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. കോടതിയിലേക്ക് എത്തുന്ന കേസുകളിൽ നിശ്ചിത ഫീസിന്റെ ഇരട്ടി തുകയും സ്ഥലം വൃത്തിയാക്കാനുള്ള ചെലവും ഈടാക്കാൻ കോടതിക്ക് ഉത്തരവിടാനാകും. സ്വന്തം പുരയിടത്തിന് ഉള്ളിൽ മാത്രം വസ്ത്രങ്ങൾ ഉണക്കാനിടുന്നത് നിയമലംഘനത്തിന്റെ പരിധിയിൽ വരില്ല. എന്നാൽ തുണികൾ പൊതുസ്ഥലത്തേക്ക് തള്ളിനിൽക്കുകയോ, വഴി തടസ്സപ്പെടുത്തുകയോ, റോഡിന്റെയോ നടപ്പാതയുടെയോ ഭാഗങ്ങൾ കൈയേറുകയോ ചെയ്യുമ്പോൾ മാത്രമാണ് ഇത് കുറ്റകരമാകുന്നത്.
cxcvcvcv

