കടുത്ത ചൂടും ഹ്യുമിഡിറ്റിയും; ബഹ്‌റൈനിൽ നീന്തൽക്കുളങ്ങൾ ഹൗസ് ഫുൾ, സെപ്റ്റംബർ വരെ ബുക്കിങ് 95 ശതമാനമായി ഉയർന്നു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ കടുത്ത വേനൽച്ചൂടും അന്തരീക്ഷ ഈർപ്പവും വർദ്ധിച്ചതോടെ ഇൻഡോർ നീന്തൽക്കുളങ്ങളിലേക്ക് വൻ ഒഴുക്ക്. വേനലവധിക്കാലത്ത് പാർക്കുകളും മറ്റ് തുറസ്സായ സ്ഥലങ്ങളും ഒഴിവാക്കി കുടുംബങ്ങൾ കൂട്ടത്തോടെ നീന്തൽക്കുളങ്ങൾ ബുക്ക് ചെയ്യുന്നതിനാൽ രാജ്യത്തെ പൂളുകളിൽ 95 ശതമാനത്തിലധികം ബുക്കിങ് പൂർത്തിയായിക്കഴിഞ്ഞു. സെപ്റ്റംബർ ആദ്യവാരം വരെ പലയിടങ്ങളിലും ഇനി സ്ലോട്ടുകൾ ലഭ്യമല്ലെന്നാണ് റിപ്പോർട്ടുകൾ.

പൂളുകളുടെ വലിപ്പം, അവ സ്ഥിതി ചെയ്യുന്ന സ്ഥലം, അവിടെ ലഭ്യമായ മറ്റ് സൗകര്യങ്ങൾ എന്നിവ മുൻനിർത്തി 70 ദിനാർ മുതൽ 200 ദിനാർ വരെയാണ് നിലവിൽ ഈടാക്കുന്നത്. സാധാരണ ദിവസങ്ങളിൽ (Weekdays) ശരാശരി 120 ദിനാറും വാരാന്ത്യങ്ങളിൽ (Weekends) 150 മുതൽ 160 ദിനാർ വരെയുമാണ് ഭൂരിഭാഗം ഓപ്പറേറ്റർമാരും ഈടാക്കുന്ന നിരക്ക്. സ്വകാര്യതയും തണുപ്പുള്ള മുറികളും ഒപ്പം ഭക്ഷണം കഴിക്കാനും കളിക്കാനും പ്രത്യേക സൗകര്യങ്ങളുമുള്ള ഇൻഡോർ, എയർകണ്ടീഷൻഡ് പൂളുകൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്.

വിദ്യാർത്ഥികൾക്ക് വേനലവധി ആരംഭിച്ചതോടെ ബുക്കിങ്ങിൽ വൻ വർദ്ധനവാണ് ഉണ്ടായതെന്ന് സനാദിൽ നീന്തൽക്കുളം നടത്തുന്ന അബ്ദുള്ള അൽ ഈസ പറഞ്ഞു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭൂരിഭാഗം മോണിങ്, ഈവനിങ് സ്ലോട്ടുകളും ഇതിനകം തന്നെ ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. സെപ്റ്റംബർ ആദ്യ ദിവസങ്ങളിലെ തീയതികളും ആവശ്യക്കാർ സ്വന്തമാക്കിയിട്ടുണ്ട്. വേനൽച്ചൂടിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ മാളുകളെയും നീന്തൽക്കുളങ്ങളെയും ആശ്രയിക്കുന്നത് ഈ സീസണിൽ പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 10 വരെയുള്ള എല്ലാ സ്ലോട്ടുകളും ഇതിനകം തന്നെ ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞതായി കർസക്കാനിൽ പൂൾ ഉടമയായ അഹമ്മദ് അൽ ദല്ലാൽ വ്യക്തമാക്കി. ബുക്കിങ്ങിനായി ദിവസേന ഡസൻ കണക്കിന് ഫോൺ കോളുകളാണ് വരുന്നത്. വെറും നീന്തൽക്കുളം എന്നതിനപ്പുറം ബാർബിക്യു ഏരിയകൾ, സ്പോർട്സ് കോർട്ടുകൾ, ഫുട്ബോൾ മത്സരങ്ങൾ കാണാൻ വലിയ സ്ക്രീനുകൾ, വീഡിയോ ഗെയിം റൂമുകൾ എന്നിവയടക്കം വിപുലമായ സൗകര്യങ്ങളാണ് ഇപ്പോൾ ഉടമകൾ ഒരുക്കിയിരിക്കുന്നത്. ജലത്തിന്റെ വില വർദ്ധിച്ചതും ക്ലോറിൻ ഉൾപ്പെടെയുള്ള ശുചീകരണ സാമഗ്രികളുടെ വിലക്കയറ്റവുമാണ് നിരക്ക് വർദ്ധനവിന് കാരണമായി ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. മൂന്ന് വർഷം മുൻപ് പരമാവധി 100 ദിനാർ ഉണ്ടായിരുന്ന നിരക്കാണിത്.

മേയ് പകുതിയോടെ തന്നെ ആളുകൾ ബുക്കിങ് ആരംഭിച്ചിരുന്നതായും വാരാന്ത്യങ്ങളിലെ സ്ലോട്ടുകളാണ് ആദ്യം വിറ്റുപോയതെന്നും ബുരിയിലെ പൂൾ ഉടമ മുഹമ്മദ് അൽ അത്ത പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി തങ്ങളുടെ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ലെന്നും കഴിഞ്ഞ രണ്ട് വേനൽക്കാലത്തെപ്പോലെ തന്നെ ഇത്തവണയും ആവശ്യക്കാരുടെ എണ്ണത്തിൽ യാതൊരു കുറവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

article-image

asddssa

You might also like

  • Lulu Exchange
  • Straight Forward

Most Viewed