കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ കുടുംബസംഗമം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സിഞ്ചിലെ ഫ്രണ്ട്‌സ് അസോസിയേഷൻ ഹാളിൽ വെച്ച് പ്രവാസി കുടുംബസംഗമം സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ മികച്ച വിജയം കൈവരിച്ച കൊയിലാണ്ടി സ്വദേശികളായ വിദ്യാർത്ഥികളെ ആദരിക്കലും ചടങ്ങിന്റെ ഭാഗമായി നടന്നു.
മാസ്റ്റർ കിഡ്സ് അബാക്കസ് എലൈറ്റ് വേൾഡ് റെക്കോർഡ് നേടിയ മഹ്ഫിൽ സുൽത്താൻ മുജീബ്, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ തബസമ സലിം, നിദാൻ അൽഫിൻ, ഫർഹാ ഫാത്തിമ ഫൈസൽ, ആയിഷ മെഹ്റിൻ, നബാ നഫീസ നദീർ എന്നിവർ ചടങ്ങിൽ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ റിഹാൻ ഹനീഫ്, ഇഷാൽ ഫാത്തിമ എന്നിവരെയും, യു.എസ്.എസ് സ്‌കോളർഷിപ്പ് നേടിയ അബ്ദുള്ള മുഹ്സിൻ മുബാറക്, എൽ.എസ്.എസ് സ്‌കോളർഷിപ്പ് നേടിയ ഹരിവർണ്ണ ഹരീഷ് എന്നീ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.
കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റും ബഹ്‌റൈൻ ചാപ്റ്റർ ചെയർമാനുമായ കെ.ടി. സലിം, ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, വർക്കിംഗ് പ്രസിഡന്റ് രാകേഷ് പൗർണമി, രക്ഷാധികാരിയും ഗ്ലോബൽ കമ്മിറ്റി അംഗവുമായ സൈൻ കൊയിലാണ്ടി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കായി ജിദ്ദയിലേക്ക് പോകുന്ന മുൻ പ്രോഗ്രാം കമ്മിറ്റി കൺവീനർ ജബ്ബാർ കുട്ടീസിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. വിനോദ് നാരായണൻ, ജെ.പി.കെ. തിക്കോടി, പ്രജീഷ് തിക്കോടി, ഷഹീർ മഹ്മൂദ് എന്നിവരും ചടങ്ങിൽ ആശംസകൾ നേർന്നു. കൊയിലാണ്ടിക്കൂട്ടം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.

