അനധികൃത ചാരിറ്റി ബോക്സുകൾക്കെതിരെ ബഹ്‌റൈനിൽ നടപടി; അയ്യായിരത്തോളം പെട്ടികൾ നീക്കം ചെയ്യുന്നു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ നോർത്തേൺ ഗവർണറേറ്റിൽ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അയ്യായിരത്തോളം അനധികൃത ചാരിറ്റി സംഭാവന പെട്ടികൾ നീക്കം ചെയ്യാനായി അധികൃതർ വൻ പ്രചാരണം ആരംഭിച്ചു. കൃത്യമായ മേൽനോട്ടമില്ലാത്തതും, നിയമവിരുദ്ധമായി സ്ഥാപിച്ചതുമായ പെട്ടികളാണ് അധികൃതർ നീക്കം ചെയ്യുന്നത്. കൂടാതെ, ബോക്സുകളിൽ പേര് രേഖപ്പെടുത്തിയിട്ടുള്ള പല ചാരിറ്റി സംഘടനകൾക്കും ഇവയെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങൾ കൂടുതൽ ക്രമബദ്ധമാക്കുന്നതിനും, ചാരിറ്റി പ്രവർത്തനങ്ങൾ കൃത്യമായ ചാനലുകളിലൂടെയും നിരീക്ഷണത്തിലൂടെയും മാത്രമാണ് നടക്കുന്നതെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ നീക്കം.
നീക്കം ചെയ്ത സംഭാവന പെട്ടികൾ തിരികെ കൈപ്പറ്റാൻ അവയുടെ ഉടമസ്ഥർക്ക് നോർത്തേൺ മുനിസിപ്പാലിറ്റി മൂന്ന് മാസത്തെ സമയപരിധി അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ അവകാശവാദമുന്നയിക്കാത്ത ബോക്സുകൾക്ക് മേലുള്ള അവകാശം പിന്നീട് നഷ്ടമാകും. ബുദയ്യയിൽ നടന്ന നോർത്തേൺ മുൻസിപ്പൽ കൗൺസിലിന്റെ ഔദ്യോഗിക യോഗത്തിലാണ് ഈ വിഷയം ചർച്ചയായത്. പല ചാരിറ്റി സംഘടനകൾക്കും തങ്ങളുടെ ബോക്സുകൾ എവിടെയൊക്കെയാണ് സ്ഥാപിച്ചിട്ടുള്ളത് എന്നതിനെക്കുറിച്ച് കൃത്യമായ രേഖകൾ ഇല്ലെന്ന് നോർത്തേൺ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അൽ സെഹ്‌ലി പറഞ്ഞു. ലഭിക്കുന്ന തുകയുടെ ഒരു നിശ്ചിത പങ്ക് നൽകി, കളക്ഷൻ നടത്താനായി ചില സംഘടനകൾ സ്വകാര്യ കമ്പനികളെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഇത്തരം പ്രവണതകൾ സുതാര്യതയെയും ഉത്തരവാദിത്തത്തെയും ബാധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപകടകരമായ രീതിയിൽ സ്ഥാപിച്ചിരിക്കുന്ന സംഭാവന പെട്ടികളെക്കുറിച്ച് പ്രദേശവാസികളിൽ നിന്ന് വ്യാപകമായ പരാതികൾ ലഭിച്ചിരുന്നതായി കൗൺസിലർ അബ്ദുള്ള അൽ ഖുബൈസി വ്യക്തമാക്കി. തിരക്കേറിയ റോഡരികുകളിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സുകളിൽ പണം നിക്ഷേപിക്കാനായി വാഹനങ്ങൾ പെട്ടെന്ന് നിർത്തുന്നത് വലിയ ട്രാഫിക് ബ്ലോക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. കവലകളിലെ കാഴ്ച മറയ്ക്കുന്ന രീതിയിൽ സ്ഥാപിച്ചിട്ടുള്ള പെട്ടികൾ റോഡ് സുരക്ഷയ്ക്ക് ഭീഷണിയാണ്. അതോടൊപ്പം, കൃത്യമായി പരിപാലിക്കപ്പെടാത്ത ചില പെട്ടികൾ തെരുവ് മൃഗങ്ങളുടെ താവളങ്ങളായി മാറുന്നത് ശുചിത്വ-സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായും അദ്ദേഹം മുന്നറിയിപ്പ് നൽകി.
fsdf

