ടൂറിസം വികസനത്തിന് കരുത്തുപകരാൻ ഇവന്റ് മേഖലയെ സജീവമാക്കാൻ ബഹ്‌റൈൻ
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തെ ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് കൂടുതൽ കരുത്തുപകരുന്നതിനും പ്രാദേശിക, അന്തർദേശീയ ഇവന്റുകളെ ആകർഷിക്കുന്നതിനുമായി ഇവന്റ് മാനേജ്‌മെന്റ് മേഖലയെ കൂടുതൽ വികസിപ്പിക്കാൻ ബഹ്‌റൈൻ ഒരുങ്ങുന്നു. മേഖലയുടെ പുരോഗതിക്കായി സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനികളുമായുള്ള സഹകരണം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി വ്യക്തമാക്കി. പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം പങ്കുവെച്ചത്.
ബഹ്‌റൈനെ ലോകോത്തര ഇവന്റുകളുടെ മുൻനിര ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനും ഉയർന്ന നിലവാരമുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിനും സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഇത് ടൂറിസത്തിന് പുറമെ ഹോസ്പിറ്റാലിറ്റി, റീട്ടെയ്ൽ, ട്രാൻസ്‌പോർട്ട്, ലോജിസ്റ്റിക്സ്, സർഗ്ഗാത്മക മേഖലകൾ എന്നിവയ്ക്കും വലിയ പിന്തുണയേകും.
രാജ്യത്തെ ആധുനിക വേദികളും മികച്ച അടിസ്ഥാന സൗകര്യങ്ങളും പ്രാദേശിക വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി ഇവന്റ് വ്യവസായം വിപുലീകരിക്കുന്നതിനുള്ള പദ്ധതികളും യോഗം വിലയിരുത്തി. ടൂറിസം അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും വൻകിട ഇവന്റുകൾ രാജ്യത്തേക്ക് ആകർഷിക്കുന്നതിനുമായി ലക്ഷ്യമിട്ടുള്ള ബഹ്‌റൈന്റെ 'ടൂറിസം സ്ട്രാറ്റജി 2022–2026' പദ്ധതികളുടെ ഭാഗമായാണ് ഈ പുതിയ നീക്കങ്ങൾ.
മന്ത്രാലയത്തിന്റെ തുടർച്ചയായ പിന്തുണയ്ക്ക് ഇവന്റ് മാനേജ്‌മെന്റ് പ്രതിനിധികൾ നന്ദി അറിയിക്കുകയും, പ്രാദേശിക-അന്തർദേശീയ ഇവന്റ് വിപണിയിൽ ബഹ്‌റൈന്റെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനായി പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
sdsdf

