ഡെലിവറി ബോയിയുടെ മരണം: വാഹനാപകടക്കേസിൽ യുവതിയുടെ വിചാരണ ആരംഭിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഈ വർഷം ആദ്യം ഡെലിവറി മോട്ടോർ സൈക്കിൾ യാത്രികന്റെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് 23 വയസ്സുള്ള യുവതിയുടെ വിചാരണ ബഹ്‌റൈൻ ഫസ്റ്റ് ഹൈ ക്രിമിനൽ കോടതിയിൽ ആരംഭിച്ചു. പ്രതിഭാഗത്തിന് കേസ് പഠിക്കാനും മറുപടി നൽകാനും കൂടുതൽ സമയം അനുവദിച്ച കോടതി, കേസ് മെയ് 17-ലേക്ക് മാറ്റിവെച്ചു.
കഴിഞ്ഞ ഫെബ്രുവരി 22-ന് സായിദ് ബിൻ അമിറ സ്ട്രീറ്റിലായിരുന്നു അപകടം നടന്നത്. ഹെൽത്ത് സെന്റർ ജംഗ്ഷനിൽ വെച്ച് റോഡ് ക്ലിയർ ആണെന്ന് ഉറപ്പുവരുത്താതെയും എതിരെ വന്ന വാഹനങ്ങൾക്ക് മുൻഗണന നൽകതെയുമുള്ള യുവതിയുടെ അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമായതെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി. യുവതി ഓടിച്ചിരുന്ന കാർ ഇടിച്ചതിനെത്തുടർന്ന് മോട്ടോർ സൈക്കിൾ മറിയുകയും യാത്രികന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.
പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മാർച്ച് 3-ന് മരണത്തിന് കീഴടങ്ങി. കോടതിയിൽ ഹാജരാക്കിയപ്പോൾ അശ്രദ്ധമായി വാഹനമോടിക്കൽ, മറ്റൊരാളുടെ മരണം അശ്രദ്ധ മൂലം സംഭവിക്കൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ യുവതി സമ്മതിച്ചിട്ടുണ്ട്.
sefs

