തീവ്രവാദ ശൃംഖലയെ തകർത്തു: പിന്നിൽ ഐആർജിസി ബന്ധമെന്ന് ബഹ്റൈൻ പോലീസ് മേധാവി


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്ത് പിടിയിലായ തീവ്രവാദ സംഘടനയ്ക്ക് ഇറാന്റെ വിപ്ലവകാരി ഗാർഡുമായും (ഐആർജിസി) വിലായത്ത് അൽ-ഫഖീഹ് പ്രത്യയശാസ്ത്രവുമായും നേരിട്ട് ബന്ധമുണ്ടെന്ന് പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്റ്റനന്റ് ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ സ്ഥിരീകരിച്ചു. ബഹ്‌റൈനിൽ നിന്ന് അറസ്റ്റിലായ 41 പേരും ഇറാനിലുള്ള 11 പേരും അടങ്ങുന്ന സംഘമാണ് ഈ ശൃംഖലയുടെ പ്രധാന ഘടകമെന്നും ദീർഘകാലമായി ഇവരുടെ പ്രവർത്തനങ്ങൾ സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഷിയാ സമൂഹത്തെ ലക്ഷ്യം വെച്ച് സംഘടിതമായ തീവ്രവാദ പ്രവർത്തനങ്ങളാണ് ഇവർ നടത്തിവന്നതെന്ന് പോലീസ് മേധാവി ചൂണ്ടിക്കാട്ടി. മതപരവും സാമൂഹികവുമായ സ്ഥാപനങ്ങളിൽ നുഴഞ്ഞുകയറി ആളുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലപാടുകളെ സ്വാധീനിക്കാനാണ് ഇവർ ശ്രമിച്ചത്. പള്ളികളിലെ പ്രസംഗങ്ങളെയും മതപരമായ ചടങ്ങുകളെയും നിയന്ത്രിക്കാൻ ശ്രമിച്ച ഇവർ, മതനേതാക്കളെയും സംഘാടകരെയും ഭീഷണിപ്പെടുത്തി ഇറാനോടുള്ള കൂറ് വളർത്താൻ കരുനീക്കങ്ങൾ നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി.കൂടാതെ ഇറാഖിലെയും ലെബനനിലെയും വിവിധ ഗ്രൂപ്പുകളുമായി ഇവർ സമ്പർക്കം പുലർത്തിയിരുന്നു.

പ്രതികളിൽ നിന്ന് വൻതോതിൽ പണം, മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, ഇറാനെ പ്രകീർത്തിക്കുന്ന രേഖകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഐആർജിസിയിൽ നിന്നും മറ്റ് നിയമവിരുദ്ധ മാർഗങ്ങളിലൂടെയും ശേഖരിച്ച പണം സിവിൽ സമാധാനം തകർക്കുന്ന പ്രവർത്തനങ്ങൾക്കാണ് ഉപയോഗിച്ചിരുന്നത്. സുരക്ഷാ ഏജൻസികളുടെ ജാഗ്രതയോടെയുള്ള ഇടപെടൽ വലിയൊരു തീവ്രവാദ ഗൂഢാലോചനയെയാണ് തകർത്തതെന്നും രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിൽ ബഹ്‌റൈൻ പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീർഘകാല നിരീക്ഷണത്തിനൊടുവിലാണ് ഈ സുരക്ഷാ നടപടി സ്വീകരിച്ചതെന്നും രാജ്യത്തിന്റെ സുരക്ഷയും ഐക്യവും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed