യുഎഇക്കും കുവൈത്തിനും നേരെയുള്ള ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ
പ്രദീപ് പുറവങ്കര
മനാമ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും കുവൈത്തിനും നേരെ നടന്ന ഡ്രോൺ ആക്രമണങ്ങളെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും പ്രാദേശിക സുസ്ഥിരതയ്ക്ക് ഭീഷണിയുമാണ് ഈ നടപടികളെന്ന് ബഹ്‌റൈൻ വിശേഷിപ്പിച്ചു. യുഎഇ വ്യോമ പ്രതിരോധ സേന ഡ്രോണുകൾ തടഞ്ഞ സംഭവത്തെ ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും അയൽപക്ക മര്യാദകളുടെയും ലംഘനമായാണ് വിദേശകാര്യ മന്ത്രാലയം വിലയിരുത്തിയത്. സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെയും പ്രാദേശിക വെടിനിർത്തൽ ധാരണകളുടെയും നഗ്നമായ ലംഘനമാണ് ഇതെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
യുഎഇയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്‌റൈൻ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമാനമായ രീതിയിൽ കുവൈത്തിന്റെ വ്യോമാതിർത്തി ലംഘിച്ചുണ്ടായ ഡ്രോൺ ആക്രമണത്തെയും രാജ്യം അപലപിച്ചു. മേഖലയിലെ സമാധാനത്തിന് വലിയ ഭീഷണിയുയർത്തുന്ന അപകടകരമായ നീക്കമാണിതെന്ന് ബഹ്‌റൈൻ ചൂണ്ടിക്കാട്ടി. കുവൈത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത മനാമ, ആക്രമണങ്ങളോട് ഉചിതമായി പ്രതികരിച്ച കുവൈത്ത് സായുധ സേനയെ അഭിനന്ദിക്കുകയും ചെയ്തു.
മേഖലയിലെ സുസ്ഥിരത നിലനിർത്തുന്നതിനും തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളും സിവിലിയന്മാരെയും സംരക്ഷിക്കുന്നതിനും ശക്തമായ പ്രാദേശിക-അന്തർദേശീയ സഹകരണം ആവശ്യമാണെന്ന് ബഹ്‌റൈൻ ആഹ്വാനം ചെയ്തു. ഇത്തരം പ്രകോപനപരമായ നടപടികൾ തടയുന്നതിന് ലോകരാജ്യങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
dfgdg

