ബഹ്‌റൈനിലെ അമേരിക്കൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മേഖലയിൽ നിലനിൽക്കുന്ന അസാധാരണമായ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈനിലെ അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി അതീവ ജാഗ്രതാ നിർദ്ദേശം (Security Alert) നൽകി. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ സുരക്ഷിതമായ ഇടങ്ങളിൽ തന്നെ തുടരാനാണ് (Shelter-in-place) എംബസിയുടെ ഔദ്യോഗിക നിർദ്ദേശം. എംബസി ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും ഈ നിർദ്ദേശം ബാധകമാണ്. ബഹ്‌റൈനിലെ എല്ലാ അമേരിക്കൻ പൗരന്മാരും സമാനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് എംബസി വൃത്തങ്ങൾ ശക്തമായി ശുപാർശ ചെയ്തു.
സ്വന്തം വീടുകളിലോ അല്ലെങ്കിൽ സുരക്ഷിതമായ മറ്റ് കെട്ടിടങ്ങൾക്കുള്ളിലോ തന്നെ തുടരണമെന്നും അത്യാവശ്യ ഘട്ടത്തിലല്ലാതെ പുറത്തിറങ്ങരുതെന്നും നിർദ്ദേശത്തിൽ പറയുന്നു. ഭക്ഷണം, വെള്ളം, മരുന്നുകൾ തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ കൈവശം ഉണ്ടെന്ന് ഉറപ്പുവരുത്തണം. ജനക്കൂട്ടം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളും പ്രതിഷേധ പ്രകടനങ്ങളും പൂർണ്ണമായും ഒഴിവാക്കണം. ലോ പ്രൊഫൈൽ നിലനിർത്താനും ചുറ്റുമുള്ള സാഹചര്യങ്ങളെക്കുറിച്ച് എപ്പോഴും ജാഗ്രത പാലിക്കാനും പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക മാധ്യമങ്ങളിലൂടെ വരുന്ന വാർത്തകൾ ശ്രദ്ധിക്കണമെന്നും മൊബൈൽ ഫോണുകൾ എപ്പോഴും ചാർജ് ചെയ്ത് സൂക്ഷിക്കണമെന്നും കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെടണമെന്നും എംബസി അറിയിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ ബഹ്‌റൈൻ പോലീസിനെ 999 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും, എംബസിയിൽ നിന്നുള്ള കൂടുതൽ സഹായങ്ങൾക്കായി +973 1724 2700 എന്ന നമ്പറിലോ ManamaConsular@state.gov എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്നും അറിയിപ്പിൽ പറയുന്നു.
vxcv


