ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ച് അമേരിക്ക; ഇറാൻ ഭരണകൂടത്തെ തകർക്കുകയാണ് ലക്ഷ്യമെന്ന് ഡൊണാൾഡ് ട്രംപ്
പ്രദീപ് പുറവങ്കര
വാഷിംഗ്ടൺ: ഇറാൻ ഭരണകൂടത്തെയും അവരുടെ സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് അമേരിക്ക സൈനികാക്രമണം ആരംഭിക്കുമെന്ന് പ്രഖ്യാപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകമെമ്പാടുമുള്ള അമേരിക്കൻ പൗരന്മാർക്കും സൈന്യത്തിനും സഖ്യകക്ഷികൾക്കും ഇറാൻ ഉയർത്തുന്ന ഭീഷണി പൂർണ്ണമായും ഇല്ലാതാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പതിറ്റാണ്ടുകളായി അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കുമെതിരെ രക്തച്ചൊരിച്ചിൽ നടത്തുന്ന ഒരു സംഘമാണ് ഇറാന്റെ ഇസ്‌ലാമിക് ഭരണകൂടമെന്നും അതിനെ വേരോടെ പിഴുതെറിയാനുള്ള നിർണ്ണായക പോരാട്ടമാണിതെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ 47 വർഷമായി 'അമേരിക്കയ്ക്ക് മരണം' എന്ന് വിളിച്ചുപറയുന്ന ഈ ഭരണകൂടം ലോകമെമ്പാടും അശാന്തി വിതയ്ക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 1979-ലെ യുഎസ് എംബസി പിടിച്ചെടുക്കൽ, 1983-ലെ ബെയ്റൂട്ട് മറൈൻ ബാരക്സ് സ്ഫോടനം, 46 അമേരിക്കക്കാർ ഉൾപ്പെടെ ആയിരത്തിലധികം പേർ കൊല്ലപ്പെട്ട ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം എന്നിവയെല്ലാം ഇറാന്റെ പിന്തുണയോടെ നടന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാന്റെ ആണവ മോഹങ്ങളാണ് തങ്ങളുടെ പ്രധാന ആശങ്കയെന്നും അവരെ ഒരിക്കലും ആണവായുധം കൈവശം വെക്കാൻ അനുവദിക്കില്ലെന്നും ട്രംപ് ആവർത്തിച്ചു. കഴിഞ്ഞ ജൂണിൽ ഇറാന്റെ ആണവ പദ്ധതികളെ ലക്ഷ്യമിട്ട് നടത്തിയ 'ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ' അദ്ദേഹം അനുസ്മരിക്കുകയും ഇറാന്റെ മിസൈൽ ശേഷി നശിപ്പിക്കുന്നതിനും ആണവ വ്യാപനം തടയുന്നതിനുമുള്ള നീക്കങ്ങൾ തുടരുമെന്ന് അറിയിക്കുകയും ചെയ്തു. യുഎസ് സൈനികർ നേരിടുന്ന വെല്ലുവിളികൾ വലുതാണെങ്കിലും അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഭാവി സുരക്ഷയ്ക്കായി ഈ ദൗത്യം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ റെവല്യൂഷണറി ഗാർഡിനോടും സൈന്യത്തോടും പോലീസിനോടും ആയുധം താഴെവെച്ച് കീഴടങ്ങാൻ ട്രംപ് തന്റെ പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തു. കീഴടങ്ങുന്നവർക്ക് പരിരക്ഷ നൽകുമെന്നും അല്ലാത്തപക്ഷം മരണം ഉറപ്പാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാനിലെ ജനങ്ങളോടായി നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ സമയം അടുത്തെത്തിയെന്നും ആക്രമണങ്ങൾ അവസാനിക്കുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തിന് ശേഷം സ്വന്തം ഗവൺമെന്റിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഇറാൻ ജനത തയ്യാറാകണമെന്നും അമേരിക്കയുടെ പൂർണ്ണ പിന്തുണ അവർക്കുണ്ടാകുമെന്നും ട്രംപ് തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.
dfgdg


