60 ലക്ഷം ദീനാറിന്റെ നിക്ഷേപ തട്ടിപ്പ്: കമ്പനി ഉടമയ്ക്ക് എട്ടു വർഷം തടവും പിഴയും


പ്രദീപ് പുറവങ്കര / മനാമ  

ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ 60 ലക്ഷത്തിലധികം ദീനാറിന്റെ (ഏകദേശം 130 കോടിയിലധികം രൂപ) കൂറ്റൻ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ പ്രതികൾക്ക് കഠിനശിക്ഷ വിധിച്ച് ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി. കമ്പനി ഉടമയ്ക്ക് എട്ടു വർഷം തടവും 1,05,000 ദീനാർ പിഴയുമാണ് കോടതി ചുമത്തിയത്. കൂടാതെ, തട്ടിപ്പിലൂടെ സമ്പാദിച്ച 60 ലക്ഷം ദീനാറോ അതിന് തുല്യമായ തുകയോ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

കേസിലെ കൂട്ടുപ്രതികളായ കമ്പനി സി.ഇ.ഒ, രണ്ട് ബോർഡ് അംഗങ്ങൾ എന്നിവർക്ക് ഓരോ വർഷം വീതം തടവും 5,000 ദീനാർ വീതം പിഴയും വിധിച്ചു. ഏകദേശം 388 വ്യാജ ഇടപാടുകളിലൂടെയും വ്യാജ രേഖകൾ ചമച്ചുമാണ് പ്രതികൾ നിക്ഷേപകരെ വഞ്ചിച്ചത്. നിലവിലില്ലാത്ത ബിസിനസ് ഡീലുകൾ ഉണ്ടെന്ന് വിശ്വസിപ്പിച്ച് വ്യാജ വാണിജ്യ രേഖകൾ ഹാജരാക്കിയാണ് ഇവർ പണം തട്ടിയെടുത്തത്.

ഇത്തരത്തിൽ സമാഹരിച്ച തുക കമ്പനി ഉടമ സ്വന്തം ആവശ്യങ്ങൾക്കായി വകമാറ്റിയതായും കള്ളപ്പണം വെളുപ്പിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു. നാഷണൽ സെന്റർ ഫോർ ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻസ് നടത്തിയ വിശദമായ പരിശോധനയിലാണ് വ്യാജ ചെക്കുകളും അനാവശ്യമായ പണം പിൻവലിക്കലുകളും ഉൾപ്പെടെയുള്ള തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്. കൃത്യമായ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് രാജ്യത്തെ ഞെട്ടിച്ച ഈ സാമ്പത്തിക തട്ടിപ്പിന്റെ ചുരുളഴിക്കാൻ കഴിഞ്ഞത്.

article-image

asasd

You might also like

  • Straight Forward

Most Viewed