കടം തീര്‍ക്കാതെ രാജ്യം വിടുന്നവര്‍ക്ക് കടിഞ്ഞാണ്‍ വേണമെന്ന് ബഹ്റൈൻ പാർലിമെന്റ് എംപിമാർ
പ്രദീപ് പുറവങ്കര / മനാമ
വിവിധ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാതെ വിദേശ നിക്ഷേപകരും സി.ആര്‍ ഉടമകളും ഫ്ലക്‌സി വിസക്കാരും രാജ്യം വിടുന്ന പ്രവണത തടയാനായി ബഹ്‌റൈനില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന പ്രമേയവുമായി ബഹ്റൈൻ പാർലിമെന്റ് എംപിമാർ. സ്‌ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് വക്താവായ ഖാലിദ് ബു അനകിന്റെ നേതൃത്വത്തിലാണ് പ്രമേയം സമര്‍പ്പിച്ചത്. സമീപകാലത്ത് രാജ്യം വിടുന്ന വിദേശ നിക്ഷേപകരുടെയും തൊഴിലാളികളുടെയും എണ്ണം വര്‍ധിച്ചതായി എം.പിമാര്‍ വിശദീകരണക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നല്‍കാനുള്ള വാടക കുടിശ്ശിക, ബാങ്ക് വായ്പകള്‍, സര്‍ക്കാര്‍ ഫീസുകള്‍, പിഴകള്‍ എന്നിവയുള്‍പ്പെടെയുള്ള സാമ്പത്തിക ബാധ്യതകളാണ് ഇവര്‍ തീര്‍ക്കാതെ പോകുന്നത്.
ഈ പ്രവണത ബഹ്‌റൈന്റെ നിക്ഷേപകരിലുള്ള വിശ്വാസത്തെ ഇല്ലാതാക്കുകയും വലിയ സാമ്പത്തിക നഷ്ടങ്ങള്‍ വരുത്തുകയും ചെയ്യുന്നു. ഇത്തരം തട്ടിപ്പുകളുടെ പ്രധാന ഇരകള്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളാണ്. കടക്കാര്‍ രാജ്യം വിടുന്നതോടെ തങ്ങളുടെ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ഈ സംരംഭങ്ങള്‍ക്ക് കഴിയാതെ വരുകയും അത് അവരുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. കമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ (സി.ആര്‍) എളുപ്പത്തില്‍ ലഭിക്കുന്നതും ഫ്ലെക്‌സി വിസ സംവിധാനത്തില്‍ കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഇല്ലാത്തതും ചിലര്‍ നിയമപരമായ പഴുതുകളായി ഉപയോഗിച്ച് കരാര്‍ ബാധ്യതകളില്‍ നിന്ന് രക്ഷപ്പെടാന്‍ അവസരം നല്‍കുന്നുവെന്ന് എം.പിമാര്‍ ചൂണ്ടിക്കാട്ടി.
സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാക്കിവെച്ചവരെ ഉത്തരവാദിത്തമില്ലാതെ രാജ്യം വിടാന്‍ അനുവദിക്കാനാവില്ലെന്നും എം.പിമാര്‍ വാദിച്ചു. ഈ നടപടികള്‍ വിപണിയെ സംരക്ഷിക്കുമെന്നും ഫ്ലെക്‌സി വിസ സമ്പ്രദായത്തിന്റെ ദുരുപയോഗം തടയുമെന്നും സുരക്ഷിതവും വിശ്വസനീയവുമായ ബിസിനസ് കേന്ദ്രം എന്ന ബഹ്‌റൈന്റെ പ്രശസ്തി നിലനിര്‍ത്തുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ചര്‍ച്ചക്കായി പാര്‍ലമെന്റിന്റെ അടുത്ത യോഗത്തിലേക്ക് പ്രമേയം മാറ്റിവെച്ചിരിക്കുകയാണ്.
fsfsf
