ഐസിആർഎഫ് - ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ടൂർണമെന്റ് സമാപിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐസിആർഎഫ്), ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച രണ്ടാമത് വാർഷിക ക്രിക്കറ്റ് ടൂർണമെന്റിൽ ഷഹീൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി. 16 കമ്പനികളുടെ ടീമുകൾ മത്സരിച്ച ടൂർണമെന്റ് ഐസിആർഎഫ് ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്റ്റീൽ ഫോഴ്‌സ് മാമ്പയും ഷഹീൻ ഗ്രൂപ്പും തമ്മിലായിരുന്നു ഫൈനൽ പോരാട്ടം.
ഫൈനലിൽ 13 പന്തിൽ 36 റൺസ് നേടിയ ഷഹീൻ ഗ്രൂപ്പിന്റെ ഷാ താരമായി തിളങ്ങി. ഷഹീൻ ഗ്രൂപ്പിന്റെ 63 റൺസ് പിന്തുടർന്ന സ്റ്റീൽ ഫോഴ്‌സ് മാമ്പ 41 റൺസിൽ ഒതുങ്ങുകയായിരുന്നു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഷഹീൻ ഗ്രൂപ്പ് ടീമിന്റെ ശേഖർ യാദവിനെ മികച്ച ബാറ്റ്‌സ്മാനായും, ദുർഗേഷിനെ മികച്ച ബൗളറായും തെരഞ്ഞെടുത്തു. റണ്ണർ-അപ്പ് ടീമായ സ്റ്റീൽ ഫോഴ്‌സ് മാമ്പയിലെ രഞ്ജിത്ത് ജയകുമാർ മാൻ ഓഫ് ദ സീരീസായി തിരഞ്ഞെടുക്കപ്പെട്ടു. ഐസിആർഎഫ് ബഹ്‌റൈൻ ചെയർമാൻ അഡ്വ. വി.കെ. തോമസ്, ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ഓപ്പറേഷൻസ് ഡയറക്ടർ നൗഷാദ് എന്നിവർ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. ടൂർണമെന്റ് കോഓർഡിനേറ്റർ ജവാദ് പാഷയുടെ നേതൃത്വത്തിൽ ഐസിആർഎഫിന്റെ പ്രധാന ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി.
dsadasdsd
