സ്കൂൾ വാഹനത്തിൽ മരിച്ച കുട്ടിയുടെ കുടുംബം പ്രതിക്ക് മാപ്പ് നൽകി, കേസുകൾ പിൻവലിക്കാൻ തീരുമാനം
പ്രദീപ് പുറവങ്കര
മനാമ: സ്കൂൾ വാഹനത്തിൽ കുടുങ്ങി നാലുവയസ്സുകാരൻ ദാരുണമായി മരിച്ച സംഭവത്തിൽ, പ്രതിയായ സ്ത്രീയോട് മാപ്പ് നൽകി കുട്ടിയുടെ മാതാപിതാക്കൾ. പ്രതിക്കെതിരെയുള്ള നിയമനടപടികൾ പൂർണ്ണമായും പിൻവലിക്കാൻ താൽപ്പര്യപ്പെടുന്നതായി മരിച്ച നാല് വയസുകാരനായ ഹസൻ അൽ മഹ്രിയുടെ മാതാപിതാക്കൾ കോടതിയെ അറിയിച്ചു. സംഭവത്തിൽ പ്രതിചേർക്കപ്പെട്ട 40 വയസ്സുകാരിയായ ബഹ്‌റൈൻ സ്വദേശിനിയെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് വികാരനിർഭരമായ ഈ തീരുമാനം ബന്ധുക്കൾ കോടതിയെ അറിയിച്ചത്. കിന്റർഗാർട്ടനിലേക്ക് പോകുന്നതിനിടെ വാഹനത്തിൽ ഉറങ്ങിപ്പോയതിനെ തുടർന്നാണ് നാല് വയസ്സുകാരൻ മരിച്ചത്.
കുട്ടിയുടെ പിതാവ് നേരത്തെതന്നെ പ്രതിക്ക് മാപ്പ് നൽകാനുള്ള തന്റെ തീരുമാനം വ്യക്തമാക്കിക്കൊണ്ട് ഒരു പൊതു കത്ത് എഴുതിയിരുന്നു. മൂന്ന് കുട്ടികളുള്ള പ്രതിയുടെ ദുരിതാവസ്ഥ പരിഗണിച്ച് അവരെ കൂടുതൽ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് താൻ ക്ഷമിക്കുന്നതെന്ന് അദ്ദേഹം കത്തിൽ പറയുന്നു. പ്രതിയുടെ കുടുംബത്തിന് സാമ്പത്തിക ഭാരമുണ്ടാകാതിരിക്കാൻ പണമോ നഷ്ടപരിഹാരമോ ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം അപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രതി കോടതിയിൽ സമ്മതിച്ചു. തുടർന്ന്, കേസ് പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ ജഡ്ജിമാർ ഇരകളുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.
സംഭവത്തിനു പിന്നാലെ, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും ലൈസൻസില്ലാത്ത ഡ്രൈവർമാരെ ഒഴിവാക്കാനും ആഭ്യന്തര മന്ത്രാലയം രക്ഷിതാക്കളോട് അഭ്യർത്ഥിച്ചിരുന്നു. വാഹനങ്ങളിലെ കുട്ടികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി സ്കൂൾ ജീവനക്കാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർക്കായി ബോധവൽക്കരണ കാമ്പയിനുകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
േ്ിി്ിേ്േ
