മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിനായി ബഹ്‌റൈൻ ഒരുങ്ങി: 45 രാജ്യങ്ങളിൽ നിന്നായി 4,300-ൽ അധികം താരങ്ങൾ മത്സരിക്കും

പ്രദീപ് പുറവങ്കര
മനാമ l മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിനായി ഒരുങ്ങി ബഹ്റൈൻ. ഒക്ടോബർ 22 മുതൽ 31 വരെ നടക്കുന്ന ഈ കായിക മാമാങ്കത്തിൽ 45 രാജ്യങ്ങളിൽ നിന്നായി 4,300-ൽ അധികം യുവ അത്‌ലറ്റുകളാണ് മാറ്റുരയ്ക്കാൻ എത്തുന്നത്. ലോജിസ്റ്റിക്സ്, ടീം മാനേജ്‌മെന്റ്, രാജ്യാന്തര ഏകോപനം ഉൾപ്പെടെയുള്ള എല്ലാ ഒരുക്കങ്ങളും അന്തിമ ഘട്ടത്തിലാണ്. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഗെയിംസിൽ, ഏജ്-ഗ്രൂപ്പ് മത്സരങ്ങളിൽ ബഹ്‌റൈൻ പങ്കെടുക്കുന്ന ഏറ്റവും വലിയ സംഘത്തെയാണ് ഇത്തവണ അണിനിരത്തുന്നത്.
ആകെ 356 ബഹ്‌റൈൻ പ്രതിനിധികൾ മേളയിൽ പങ്കുചേരും. ഇതിൽ 204 അത്‌ലറ്റുകൾ, 130 പരിശീലകർ/അഡ്മിനിസ്ട്രേറ്റർമാർ, 22 ഒളിമ്പിക് കമ്മിറ്റി ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്നു. 54 പെൺകുട്ടികൾ അടങ്ങുന്ന വനിതാ പങ്കാളിത്തവും ഇത്തവണത്തെ റെക്കോഡാണ്. അത്‌ലറ്റിക്സ്, ബാസ്‌കറ്റ്‌ബാൾ, ബാഡ്മിന്റൺ, വോളിബാൾ, സൈക്ലിങ്, ഫുട്‌സാൽ, ഹാൻഡ്‌ബോൾ, തൈക്വാണ്ടോ, ഗുസ്തി ഉൾപ്പെടെ 26 ഇനങ്ങളിലായി 2,000-ത്തോളം മെഡലുകൾക്കായാണ് താരങ്ങൾ മത്സരിക്കുന്നത്.
പ്രധാന വേദിയായ ഈസ സ്പോർട്സ് സിറ്റിയിൽ അത്‌ലറ്റിക്സ്, വോളിബാൾ, ബാഡ്മിന്റൺ മത്സരങ്ങൾ നടക്കും. ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് അരങ്ങേറുക. ഒക്ടോബർ 22ന് എക്സിബിഷൻ വേൾഡിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. ഉദ്ഘാടനത്തിന് മുമ്പ് തന്നെ ഒക്ടോബർ 19 മുതൽ ആൺകുട്ടികളുടെ ഫുട്‌സാൽ, ഹാൻഡ്‌ബോൾ, വോളിബാൾ, കബഡി എന്നീ മത്സരങ്ങൾ ആരംഭിക്കും.
എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ യൂസുഫ് ദുവായ്ജും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ ഈസ സ്പോർട്സ് സിറ്റിയിലെയും ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിലെയും ഗെയിംസിന്റെ തയ്യാറെടുപ്പുകൾ പരിശോധിച്ചു.
sdfsf