സ്വർണ വില കുതിച്ചത് നേട്ടം; ഇന്ത്യയുടെ ഗോൾഡ് ഇ.ടി.എഫിൽ റെക്കോർഡ് തൊട്ട് ഇന്ത്യ

ഷീബ വിജയൻ
മുംബൈ I ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇ.ടി.എഫ്) നിക്ഷേപത്തിൽ റെക്കോർഡ് തൊട്ട് ഇന്ത്യ. സെപ്റ്റംബറിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ഗോൾഡ് ഇ.ടി.എഫ് നിക്ഷേപം ഒഴുകിയത്. വേൾഡ് ഗോൾഡ് കൗൺസിൽ കണക്ക് പ്രകാരം 902 ദശലക്ഷം ഡോളർ അതായത് 8,005 കോടി രൂപ ഇന്ത്യക്കാർ കഴിഞ്ഞ മാസം ഗോൾഡ് ഇ.ടി.എഫിൽ നിക്ഷേപിച്ചു. ആഗസ്റ്റിൽ 232 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ലഭിച്ചത്. അതായത് നിക്ഷേപത്തിൽ 285 ശതമാനത്തിന്റെ വർധനയുണ്ടായി. ഇതു തുടർച്ചയായ നാലാം മാസമാണ് ഗോൾഡ് ഇ.ടി.എഫിലേക്ക് പണം ഒഴുകുന്നത്. ഇതോടെ ഗോൾഡ് ഇ.ടി.എഫ് നിക്ഷേപത്തിൽ ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്തെത്തി.
ചൈനയെയും (622 ദശലക്ഷം ഡോളർ), ജപ്പാനെയും (415 ദശലക്ഷം ഡോളർ) മറികടന്നാണ് ഇന്ത്യയുടെ കുതിപ്പ്. ലോകത്ത് മൊത്തം ഗോൾഡ് ഇ.ടി.എഫ് നിക്ഷേപം 17.3 ബില്ല്യൻ ഡോളറായി സെപ്റ്റംബറിൽ ഉയർന്നു. യു.എസാണ് ഒന്നാം സ്ഥാനത്ത്. 10.3 ബില്ല്യൻ ഡോളറാണ് യു.എസ് പൗരന്മാർ ഇ.ടി.എഫിൽ നിക്ഷേപിച്ചിരിക്കുന്നത്. 2.23 ബില്ല്യൻ ഡോളറുമായി യു.കെ രണ്ടാമതും 1.09 ബില്ല്യൻ ഡോളറുമായി സ്വിറ്റ്സർലൻഡ് മൂന്നാം സ്ഥാനത്തുമാണ്. ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയും ഓഹരി വിപണിയുടെ ഇടിവുമാണ് നിക്ഷേപകരെ ഗോൾഡ് ഇ.ടി.എഫുകളിലേക്ക് ആകർഷിച്ചത്.
xzxzzxzx