യു.പി. സ്വദേശിക്ക് കെ.എം.സി.സി.യുടെ കൈത്താങ്ങ്: നാട്ടിലേക്ക് മടങ്ങി

പ്രദീപ് പുറവങ്കര
മനാമ l രണ്ട് വർഷത്തോളമായി ജോലിയില്ലാതെയും അടിസ്ഥാന സൗകര്യങ്ങളില്ലാത്ത മുറിയിൽ താമസിക്കുകയുമായിരുന്ന ഉത്തർപ്രദേശ് കുശിനഗർ സ്വദേശിക്ക് കെ.എം.സി.സി. ബഹ്‌റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി സഹായഹസ്തവുമായെത്തി.
13 വർഷമായി ബഹ്‌റൈനിലെ ഒരു കമ്പനിയിൽ ഹെൽപ്പർ ജോലിയെടുത്തിരുന്ന സഹീം അൻസാരിയാണ് ദുരിതത്തിലായത്. 80 ദിനാർ പ്രതിമാസ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് ഭാര്യയും അഞ്ച് മക്കളുമടങ്ങുന്ന കുടുംബം നാട്ടിലാണ്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഇദ്ദേഹത്തിന് ശമ്പളം ലഭിച്ചിരുന്നില്ല. മാത്രമല്ല, കമ്പനി അടച്ചുപൂട്ടിയിട്ട് രണ്ട് വർഷമായി.
പ്രതികൂല സാഹചര്യത്തിലും ചില സുമനസ്സുകളുടെ സഹായത്തോടെ എൽ.എം.ആർ.എ. വിസയിൽ ബഹ്‌റൈനിൽ തുടരാൻ ശ്രമിച്ചെങ്കിലും മെഡിക്കൽ ഫിറ്റ് അല്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഈ കാലയളവിൽ ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കും ഇദ്ദേഹത്തെ സഹായിച്ചത് സുമനസ്സുകളായിരുന്നു. ചില സമയങ്ങളിൽ പ്രതികൂല കാലാവസ്ഥയിൽ പള്ളികളിലും അദ്ദേഹം അഭയം തേടി.
സഹീം അൻസാരിക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റും ധനസഹായവും കെ.എം.സി.സി. ഈസ്റ്റ് റിഫ കമ്മിറ്റി കൈമാറി. സി.എച്ച്. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. അബ്ദുൽ അസീസ്, ഈസ്റ്റ് റിഫ ജനറൽ സെക്രട്ടറി അഷ്‌റഫ് ടി.ടി., ഭാരവാഹികളായ ഷമീർ വി.എം., കുഞ്ഞഹമ്മദ് പി.വി., ഉസ്മാൻ ടിപ്പ് ടോപ്, നിസാർ മാവിലി, മുസ്തഫ കെ., താജുദ്ധീൻ പി. ആസിഫ് കെ.വി. തുടങ്ങിയവർ പങ്കെടുത്തു. ഇന്നലെ വൈകീട്ടുള്ള ഡൽഹി വിമാനത്തിലാണ് സഹീം അൻസാരി നാട്ടിലേയ്ക്ക് യാത്ര തിരിച്ചത്.
ghh