ചുമമരുന്ന് ദുരന്തം: മധ്യപ്രദേശിൽ മരിച്ച കുട്ടികളുടെ എണ്ണം 20 ആയി; വൃക്ക തകരാറിലായി അഞ്ച് കുട്ടികൾ

ഷീബ വിജയൻ
ഭോപ്പാല്‍ I മധ്യപ്രദേശില്‍ വിഷസാനിധ്യമുള്ള ചുമമരുന്ന് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 20 ആയി. മരുന്ന് ഉപയോഗിച്ചത് കാരണം വൃക്ക തകരാറിലായ അഞ്ച് കുട്ടികൾ നാഗ്പൂരിലെ ഗവ. മെഡിക്കൽ കോളജ്, എയിംസ്, സ്വകാര്യ ആശുപത്രി എന്നിവടങ്ങളിലായി ചികിത്സയിലാണ്. മരിച്ച 20 കുട്ടികളില്‍ 16 പേര്‍ ഛിൻദ്വാര സ്വദേശികളാണ്. ശേഷിച്ചവർ ബേത്തൂല്‍, പാണ്ഡൂര്‍ന ജില്ലയില്‍ നിന്നുള്ളവരുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. നാഗ്പൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രണ്ടര വയസ്സുകാരി ദാനി ദെഹാരിയ തിങ്കളാഴ്ച മരിച്ചവരിൽ ഒരാളാണ്.
ചുമമരുന്ന് കഴിച്ച ശേഷം കുട്ടിയുടെ ശാരീരികാവസ്ഥ വഷളാവുകയും കിഡ്നിയെ ബാധിക്കുകയുമായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെ മുഖ്യമന്ത്രി മോഹൻ യാദവ് സന്ദർശിച്ചു. ഇവര്‍ക്ക് മെച്ചപ്പെട്ട ചികിത്സയും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. തമിഴ്നാട് കാഞ്ചീപുരതെത ശ്രീസൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച കോൾഡ്രിഫ് എന്ന ചുമമരുന്നാണ് കുരുന്നുകളുടെ ജീവനെടുത്തത്. മരുന്ന് കമ്പനി ഉടമക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി വ്യക്തമാക്കി. ഏറ്റവും കൂടുതൽ മരുന്ന് വിതരണം ചെയ്ത ഛിൻദ്വാരയിൽ നിന്ന് 600ഓളം ബോട്ടിലുകൾ കണ്ടെത്താനുണ്ട്. ആശ വർക്കർമാരും അംഗൻവാടി ജീവനക്കാരും വഴി വീടുകൾ കയറിയിറങ്ങി നടത്തുന്ന പരിശോധനയിലൂടെ ഇതിനകം 443 മരുന്ന് കുപ്പികൾ കണ്ടെത്തിയതായി ഉപ മുഖ്യമന്ത്രി രാജേന്ദ്ര ശുക്ല അറിയിച്ചു.
tddfdfdf