വി.എസ്. അച്യുതാനന്ദന് വിട; പുന്നപ്ര വലിയചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം പൂർത്തിയായി


പ്രദീപ് പുറവങ്കര

ആലപ്പുഴ I കേരള രാഷ്ട്രീയത്തിലെ ജ്വലിക്കുന്ന ഓർമ്മയായി മാറിയ മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം. നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ആലപ്പുഴ പുന്നപ്രയിലുള്ള വലിയചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്ത്യകർമ്മങ്ങൾ. മകൻ അരുൺകുമാറാണ് ചിതയ്ക്ക് തീ കൊളുത്തിയത്.

കമ്മ്യൂണിസ്റ്റ് നേതാക്കളായ ടി.വി. തോമസിന്റെയും പി.ടി. പുന്നൂസിന്റെയും അന്ത്യവിശ്രമ സ്ഥാനങ്ങൾക്കിടയിലാണ് വി.എസിനും അന്ത്യവിശ്രമ സ്ഥലമൊരുക്കിയത്. വലിയചുടുകാട്ടിലെ പ്രവേശന കവാടത്തിന്റെ ഇടതുഭാഗത്താണ് വി.എസിന്റെ  സംസ്കാരം നടന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മറ്റ് മന്ത്രിമാർ, പാർട്ടി നേതാക്കൾ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ.

നേരത്തെ, തിരുവനന്തപുരത്ത് നിന്ന് വിലാപയാത്രയായി എത്തിച്ച വി.എസിൻ്റെ ഭൗതിക ശരീരം ആലപ്പുഴ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെച്ചിരുന്നു. ഇവിടെ വെച്ച് പോലീസ് വി.എസിന് ഗാർഡ് ഓഫ് ഓണർ നൽകി. കനത്ത മഴയെ അവഗണിച്ച് പതിനായിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്.

പുന്നപ്രയിലെ അദ്ദേഹത്തിന്റെ വസതിയിലും സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലുമുള്ള പൊതുദർശനങ്ങൾക്ക് ശേഷമാണ് ഭൗതിക ശരീരം ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തിച്ചത്. ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ അദ്ദേഹത്തിന്റെ ജന്മഗൃഹത്തിലേക്കും സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലേക്കും എത്തിച്ചേർന്നത്. പതിനായിരങ്ങളുടെ വിപ്ലവാഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയാണ് വി.എസിൻ്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തുനിന്ന് പുന്നപ്രയിലെത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed