ബി.കെ.എസ് ജി.സി.സി കലോത്സവത്തിന്റ ഗ്രാന്റ് ഫിനാലെ ഈ മാസം 31ന്

പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിച്ച ബി.കെ.എസ് ജി.സി.സി കലോത്സവത്തിന്റ ഗ്രാന്റ് ഫിനാലെ ഈ മാസം 31ന് കേരളീയ സമാജത്തിൽ നടക്കും. വൈകീട്ട് ഏഴിന് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ എംബസി കൗൺസിലർ രാജീവ് കുമാർ മിശ്ര മുഖ്യാതിഥിയായും സുപ്രീം കോടതി അഭിഭാഷകനായ എം.ആർ. അഭിലാഷ്, മാധുരി പ്രകാശ് എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.
അഞ്ച് ഗ്രൂപ്പുകളിലായി ഒന്നരമാസക്കാലം നീണ്ടുനിന്ന കലോത്സവത്തിൽ ഇഷ ആഷിക് കലാതിലകമായും ശൗര്യ ശ്രീജിത്ത് കലാപ്രതിഭയായും സഹാന മോഹൻരാജ് ബാല തിലകമായും തിരഞ്ഞെടുക്കപ്പെട്ടു. അയന സുജിത് (നാട്യ രത്ന), അർജുൻരാജ് (സംഗീത രത്ന), പ്രിയംവദ എൻ.എസ് (സാഹിത്യരത്ന), നേഹ ജഗദീഷ് (കലാരത്ന) എന്നിവർക്ക് പുറമെ നിഹാര മിലൻ, പുണ്യ ഷാജി, ഹന്ന ആൽവിൻ, പ്രിയംവദ എൻ.എസ് എന്നിവർ ഗ്രൂപ് ചാമ്പ്യന്മാരുമായി.
കലോത്സവത്തിൽ 135 വ്യക്തിഗത ഇനങ്ങളിലായി എഴുന്നൂറോളം കുട്ടികളും പതിനാല് ഗ്രൂപ്പിനങ്ങളിലായി എഴുപത്തൊമ്പത് ടീമുകളുമാണ് മത്സരിച്ചത്. വ്യക്തിഗത ഇനങ്ങളും ഗ്രൂപ്പിനങ്ങളിലായി ആയിരത്തി ഇരുന്നൂറോളം മത്സരാർഥികൾ പങ്കെടുത്ത കലോത്സവത്തിൽ കേരളത്തിൽ നിന്നുള്ളവരടക്കം 125 പേർ വിധികർത്താക്കളായി എത്തിയതായി സംഘാടകർ അറിയിച്ചു.
sdcsc