കായികതാരം ലിതാരയുടെ മരണം; കോച്ച് രവി സിംഗിന് സസ്‌പെൻഷൻ


മലയാളി ബാസ്‌കറ്റ് ബോൾ‍ താരം കെ സി ലിതാരയുടെ മരണത്തിൽ‍ ആരോപണ വിധേയനായ കോച്ച് രവി സിംഗിന് സസ്‌പെൻ‍ഷൻ‍. അനിശ്ചിത കാലത്തേക്കാണ് സസ്‌പെൻഷൻ‍. രവി സിംഗ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ‍ കർ‍ശന നടപടിയുണ്ടാകുമെന്ന് ഈസ്റ്റ് സെൻ‍ട്രൽ‍ റെയിൽ‍വേ അറിയിച്ചു. റെയിൽ‍വേ ഒരു തരത്തിലും കോച്ചിനെ സഹായിക്കുന്നില്ലെന്നും കേസിൽ‍ വകുപ്പുതല അന്വേഷണത്തിന് സാധ്യതയില്ലെന്നും റെയിൽവേ വക്താവ് വ്യക്തമാക്കി.

ലിതാരയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പട്ന ഹൈക്കോടതിയിൽ‍ ലോക് താന്ത്രിക് ജനാദൾ‍ സെക്രട്ടറി സലിം മടവൂർ‍ ഇന്നലെ ഹർ‍ജി സമർ‍പ്പിച്ചിരുന്നു. ഹൈക്കോടതി മേൽ‍നോട്ടത്തിൽ‍ അന്വേഷണം വേണമെന്നാണ് ആവശ്യം. കോച്ച് രവി സിംഗിന്റെ ശാരീരിക, മാനിസിക പീഡനം മൂലമാണ് ലിതാര ആത്മഹത്യ ചെയ്തതെന്ന് ഹർ‍ജിയിൽ‍ ആരോപിക്കുന്നു. 

രവി സിംഗിൽ‍ നിന്ന് തലേ ദിവസമുണ്ടായ മോശം പെരുമാറ്റമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ലിതാരയുടെ കുടുംബം പല തവണ ആവർ‍ത്തിച്ചിരുന്നു. കൃത്യമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടെങ്കിലും കോച്ചിനെതിരായ തെളിവുകളുണ്ടെന്ന് കരുതുന്ന ലിതാരയുടെ ഫോൺ ഇപ്പോഴും ബിഹാർ‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.

കേരളത്തിലെ ബാസ്‌കറ്റ് ബോൾ കോർട്ടിൽ നിന്ന് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട് മികച്ച വിജയം കൈവരിച്ച് കളക്കത്തിലെ മികവുറ്റ താരമായി വളർന്ന ലിതാരയ്ക്ക് 23 വയസേ ഉണ്ടായിരുന്നുള്ളു. ഇന്ത്യൻ ടീമിൽ പോലും ഇടം നേടേണ്ടിയിരുന്ന പ്രതിഭ. വിഷുവിന് നാട്ടിൽ വന്നപ്പോൾ ബാസ്‌ക്കറ്റ് ബോളിൽ പ്രാഥമിക പരിശീലനം നൽകിയ വട്ടോളി നാഷ്ണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ബാസ്‌കറ്റ് ബോൾ കോർട്ടിൽ പോയിരുന്നു ലിതാര. ഏപ്രിൽ 16ന് കുടുംബത്തോട് യാത്ര പറഞ്ഞ് ബിഹാറിലേക്ക് തിരികെ പോയി. പിന്നീട് 12 ദിവസത്തിന് ശേഷം അപ്രിൽ 28ന് ചേതനയറ്റ ശരീരമായാണ് ലിതാര വീട്ടിലേക്ക് തിരിച്ചെത്തുന്നത്. ഏപ്രിൽ 26നാണ് ലിതാരയെ പാട്‌നയിലെ ഒറ്റമുറി ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.

You might also like

  • Straight Forward

Most Viewed