ഐപിഎൽ ട്വന്‍റി−20 കിരീടം ചെന്നൈ സൂപ്പർ കിംഗ്സിന്


ദുബൈ: ഐപിഎൽ ട്വന്‍റി−20 കിരീടത്തിൽ മുത്തമിട്ട് ചെന്നൈ സൂപ്പർ കിംഗ്സ്. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഫൈനലിൽ 27 റൺസിന് കീഴടക്കിയാണ് മഹേന്ദ്ര സിംഗ് ധോണിയും കൂട്ടരും ഐപിഎൽ കിരീടം സ്വന്തമാക്കിയത്. സിഎസ്കെയ്ക്കായി നാലാമത് ഐപിഎൽ കിരീടം സ്വന്തമാക്കി ധോണി ചെന്നൈയുടെ സൂപ്പർ കിംഗ് ആയി. 2012ൽ കോൽക്കത്തയോടെറ്റ ഫൈനൽ തോൽവിക്കും പകരം വീട്ടാനും ധോണിക്കായി. കോൽക്കത്തയുടെ ഫൈനലിലെ ആദ്യ തോൽവിയാണിത്. ചെന്നൈ ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കോൽക്കത്തയ്ക്ക് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളു. ഓപ്പണറുമാരായ ശുഭ്മാൻ ഗില്ലും വെങ്കടേഷ് അയ്യരും അർധ സെഞ്ചുറി നേടി മികച്ച തുടക്കം നൽകിയെങ്കിലും ഇത് മുതലാക്കാൻ കോൽക്കത്തയ്ക്കായില്ല.  10.4 ഓവറിൽ 91 റൺസ് അടിച്ചു കൂട്ടിയശേഷമാണ് ഓപ്പണിംഗ് കൂട്ടുകെട്ട് പിരിഞ്ഞത്. 

അയ്യരാണ് (32 പന്തിൽ 50) ആദ്യം പുറത്തായത്. ശുഭ്മാൻ ഗിൽ 43 പന്തിൽ 51 റൺസുമെടുത്തു. പിന്നീട് തുടരെ തുടരെ കോൽക്കത്തയുടെ വിക്കറ്റുകൾ വീണു. നിതീഷ് റാണ (0), സുനിൽ നരെയ്ൻ (2), മോർഗൻ (4), ദിനേഷ് കാർത്തിക് (9), ഷക്കിബ് അൽ ഹസൻ (0), രാഹുൽ ത്രിപാതി (2) എന്നിവർക്ക് പിടിച്ചു നിൽക്കാനായില്ല. ലോക്കി പെർഗൂസൻ 18 റൺസുമായി പുറത്താകാതെ നിന്നു. ശിവം മാവി 20 റൺസും നേടി. ചെന്നൈയ്ക്കായി ഷാർദൂൽ താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജോഷ് ഹെയ്സൽവുഡും രവിന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതവും നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 192 നേടിയത്. ചെന്നൈയ്ക്ക് ഓപ്പണറുമാരായ ഋതുരാജ് ഗെയ്‌വാദും ഫാഫ് ഡുപ്ലസിയും മികച്ച തുടക്കമാണ് നൽകിയത്. 61 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. 59 പന്തിൽ നിന്ന് മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 86 റൺസെടുത്ത ഫാഫ് ഡുപ്ലെസിയാണ് ചെന്നൈയുടെ ടോപ് സ്കോറർ. അവസാന ഓവറിലെ അവസാന പന്തിലാണ് ഡുപ്ലസി പുറത്തായത്. 27 പന്തിൽനിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 32 റൺസെടുത്ത ഋതുരാജിനെ സുനിൽ നരെയ്ൻ മടക്കുകയായിരുന്നു. തുടർന്ന് ഡുപ്ലെസിക്കൊപ്പം റോബിൻ ഉത്തപ്പ എത്തിയതോടെ ചെന്നൈ സ്കോറിംഗ് വേഗത്തിലായി. രണ്ടാം വിക്കറ്റിൽ ഇരുവരും അതിവേഗം 63 റൺസ് അടിച്ചെടുത്തു. 15 പന്തിൽനിന്ന് മൂന്ന് സിക്സ് സഹിതം 31 റൺസെടുത്ത ഉത്തപ്പയെ നരെയ്ൻ പവലിയൻ കയറ്റുകയായിരുന്നു. പിന്നിടെത്തിയ മോയിൻ അലിയും തകർത്തടിച്ചു. 20 പന്തിൽനിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 23 റൺസോടെ മോയിൻ അലി പുറത്താകാതെ നിന്നു. കോൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ 26 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

You might also like

Most Viewed