നൂറിലേറെ വിവാഹത്തട്ടിപ്പ്; യുവാവ് അറസ്റ്റിൽ‍


വിവാഹ വാഗ്ദാനം നൽ‍കി രാജ്യത്തിലെ നൂറിലധികം സ്ത്രീകളിൽ‍നിന്ന് ലക്ഷകണക്കിനു രൂപ തട്ടിയെടുത്ത കേസിൽ‍ യുവാവ് അറസ്റ്റിൽ‍. ഒഡീഷ സ്വദേശിയായ ഫർ‍ഹാന്‍ തസീർ‍ ഖാനാണ് സെൻ‍ട്രൽ‍ ഡൽ‍ഹിയിലെ പഹർ‍ഗഞ്ചിൽ‍ പിടിയിലായത്. ഡൽ‍ഹി എയിംസിൽ‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടറുടെ പരാതിയെ തുടർ‍ന്നായിരുന്നു അറസ്റ്റ്. മാട്രിമോണിയൽ‍ സൈറ്റിൽ‍ പരിചയപ്പെട്ട ഫർ‍ഹാൻ താൻ അവിവാഹിതനും അനാഥനുമാണെന്നാണ് ഡോക്ടറെ വിശ്വസിപ്പിച്ചത്. എംബിഎയും എന്‍ജിനീയറിങ്ങുമാണ് വിദ്യാഭ്യാസ യോഗ്യതയെന്നും ബിസിനസ് ചെയ്യുകയാണെന്നും ഫർ‍ഹാൻ പറഞ്ഞു. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽ‍കി ബിസിനസ് വിപുലീകരിക്കുന്നതിനായി പലതവണയായി 15 ലക്ഷം രൂപ ഡോക്ടറിൽ‍നിന്ന് ഫർ‍ഹാൻ വാങ്ങിയെന്നാണ് ആരോപണം. 

ഡോക്ടറുടെ പരാതി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. മാട്രിമോണി സൈറ്റിൽ‍ ഫർ‍ഹാൻ ഐഡികൾ‍ തയ്യാറാക്കി ഉപയോഗിക്കുന്നുണ്ടായിരുന്നു. ഉത്തർ‍പ്രദേശ്, ബിഹാർ‍, ബംഗാൾ‍, ഗുജറാത്ത്, തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിലെ സ്ത്രീകളുമായി ഇയാൾ‍ ബന്ധം സ്ഥാപിച്ചിരുന്നതായി അന്വേഷത്തിൽ‍ കണ്ടെത്തിയതായി ഡപ്യൂട്ടി കമ്മീഷണർ‍ ബെനിത മേരി ജയ്ക്കർ‍ പറഞ്ഞു. കൊൽ‍ക്കത്തയിലായിരുന്ന ഇയാളെ പിന്തുടർ‍ന്ന പൊലീസ് ഡൽ‍ഹിയിലെ ഹോട്ടലിൽ‍വച്ചാണ് അറസ്റ്റ് ചെയ്തത്. വിവിഐപി രജിസ്‌ട്രേഷൻ നന്പറുള്ള ആഡംബര കാർ‍ സ്വന്തമായുണ്ടെന്ന് ധരിപ്പിച്ചാണ് ഇയാൾ‍ സ്ത്രീകളെ വശീകരിക്കുന്നത്. തന്റെ സ്വന്തമാണെന്ന് ഇരകളെ വിശ്വസിപ്പിച്ചിരുന്ന കാർ‍ ബന്ധുവിന്റേതായിരുന്നു. പ്രതിവർ‍ഷം 30 ലക്ഷത്തിലധികം രൂപ സന്പാദ്യമുണ്ടെന്നാണ് പറഞ്ഞിരുന്നത്. വീഡിയോ കോൾ‍ ചെയ്ത് ആഡംബര ചുറ്റുപാടുകൾ‍ കാണിച്ച് താൻ പണക്കാരനാണെന്ന് സ്ത്രീകളെ തെറ്റുദ്ധരിപ്പിക്കാറുണ്ട്. യഥാർ‍ഥത്തിൽ‍ വിവാഹിതനായ ഇയാൾ‍ക്ക് മൂന്നു വയസുള്ള മകളുണ്ട്. മാതാപിതാക്കൾ‍ വാഹനാപകടത്തിൽ‍ മരിച്ചെന്നാണ് ഇയാൾ‍ പറയുന്നത്. എന്നാൽ‍, ഇയാൾ‍ക്ക് പിതാവും സഹോദരിയുമുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed