അച്ചടക്ക ലംഘനം; കെ.എസ് ഹംസയെ മുസ്ലിം ലീഗ് പുറത്താക്കി


മുൻ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ പാർട്ടിയിൽ നിന്ന് പുറത്താക്കി മുസ്ലിം ലീഗ്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് പാർട്ടിയുടെ അച്ചടക്ക സമിതി കണ്ടെത്തിയതിനെ തുടർന്നാണ് പുറത്താക്കൽ. ഇന്ന് കോഴിക്കോട് മുസ്ലിം ലീഗിന്റെ സംസ്ഥാന കൗൺസിൽ ചേരാനിരിക്കെയാണ് നടപടി. ഇന്ന് നടക്കുന്ന സംസ്ഥാന കൗൺസിലിൽ പാർട്ടിയുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ കെ.എസ് ഹംസ പങ്കെടുക്കുകയും മത്സരിക്കുകയും ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പാർട്ടിയുടെ മുഖപത്രമായ ചന്ദ്രികയിൽ വാർത്ത വന്നതല്ലാതെ തനിക്ക് ഇടുമായി ബന്ധപ്പെട്ട അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ല എന്ന് കെ.എസ് ഹംസ അറിയിച്ചു. 

നേരത്തെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആക്ഷേപം ഉന്നയിച്ചതിനാൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. പാർട്ടി രഹസ്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി. അച്ചടക്ക വിരുദ്ധ നീക്കം ഉണ്ടായി എന്ന് ചൂണ്ടികാണിച്ചായിരുന്നു അന്ന് നടപടി സ്വീകരിച്ചത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നായിരുന്നു അന്ന് നീക്കിയത്. ഇന്ന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കിയിട്ടുണ്ട്. 

അച്ചടക്ക സമിതിയുടെ റിപ്പോർട്ട് പ്രകാരം മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് ഹംസക്ക് എതിരെ നടപടി എടുത്തത്. മുസ്‌ലിം ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റിയെ ഇന്ന് തെരെഞ്ഞെടുക്കും. പിഎംഎ സലാം ജനറൽ സെക്രട്ടറിയായേക്കും. എന്നാൽ, എം.കെ മുനീറിനെ ജനറൽ സെക്രട്ടറിയാക്കാനാണ് കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തിന്റെ നീക്കം. കോഴിക്കോട് ഒഴികെയുള്ള പതിമൂന്ന് ജില്ലാ കമ്മറ്റികളുടെയും പിന്തുണ പിഎംഎ സലാമിനാണെന്നാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ അവകാശവാദം. എന്നാൽ, കോഴിക്കോടിന് പുറമേ കാസർകോട്, തൃശൂർ, ഇടുക്കി ഉൾപ്പെടെ കൂടുതൽ ജില്ലാ കമ്മറ്റികൾ എംകെ മുനീർ ജനറൽ സെക്രട്ടറി ആകണമെന്ന നിലപാടാണ് സാദിഖലി തങ്ങളെ അറിയിച്ചതെന്നാണ് എതിർ പക്ഷത്തിന്റെ വാദം. ജനറൽ സെക്രട്ടറി സ്ഥാനത്തിനായി ഇരുവിഭാഗങ്ങളും സമ്മർദ്ദം ശക്തമാക്കിയതോടെ സംസ്ഥാന കൗൺസിലിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ തീരുമാനം നിർണായമാകും.

article-image

fgbcfbh

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed