ബഹ്റൈനിൽ നടക്കുന്നത് അനധികൃത ​ഗ്ലോബൽ കോൺഫറൻസെന്ന് ആരോപണം


ബഹ്റൈനിൽ മൂന്ന് ദിവസങ്ങളായി നടക്കുന്ന വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് അനധികൃതമാണെന്ന ആരോപണവുമായി അതേ പേരിൽ പ്രവർത്തിക്കുന്ന സംഘടനയുടെ ഭാരവാഹികൾ രംഗത്ത്.

1995 ഏപ്രിൽ 7 ന് അമേരിക്കയിലെ ന്യൂ ജഴ്സിയിൽ രജിസ്റ്റർ ചെയ്ത വേൾഡ് മലയാളി കൗൺസിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങളിലൂടെ ലോകമെമ്പാടുമായി ആറ് റീജിയണുകളിൽ 57 പ്രോവിൻസുകളിലായി നില കൊള്ളുന്ന സംഘടനയാണെന്നും, 2021 ഏപ്രിൽ 18ന് ചേർന്ന് ഗ്ലോബൽ കോൺഫറൻസ് തിരഞ്ഞെടുത്ത ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് ടി.പി.വിജയൻ, ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണി പറമ്പിൽ എന്നിവർ ഉൾപ്പെട്ടതാണ് സംഘടനയുടെ ഇപ്പോഴത്തെ ഭരണസമിതിയെന്നും തിരുവനന്തപുരത്ത് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ വ്യക്തമാക്കി. കേരളത്തിൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയാണ് തങ്ങളുടേതെന്നും, സംഘടനയുടെ ലോഗോ പേറ്റന്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതുമാണെന്നും ഇവർ അറിയിച്ചു. ഇക്കഴിഞ്ഞ കോവിഡ് മഹാമാരി കാലത്ത് ആഗോളതലത്തിലും, കേരളത്തിലും കേരള സർക്കാരും, നോർക്ക റൂട്ട്സുമായി സഹകരിച്ചു 10 കോടിയിലധികം രൂപയുടെ സാന്ത്വന പ്രവർത്തനങ്ങൾ ചെയ്യുവാൻ തങ്ങൾക്ക് സാധിച്ചതായും, കേരളത്തിൽ കടപ്ലാമറ്റത്ത് വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ ഗ്രീൻ വില്ലേജിന്റെയും, പൂഞ്ഞാറിലെ സ്പോർട്സ് അക്കാദമിയുടെയും പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ടെന്നും ഇവർ അറിയിച്ചു.

ഇത്തരമൊരു സാഹചര്യത്തിൽ സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ട ചില ആളുകൾ ചേർന്ന് "ഗ്ലോബൽ കോൺഫറൻസ്" എന്ന പേരിൽ നടത്തുന്ന പരിപാടി അനധികൃതമാണെന്നാണ് ഇവരുടെ ആരോപണം. 2016 ആഗസ്റ്റിൽ നിരന്തരമായുള്ള സംഘടനാ വിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ വേൾഡ് മലയാളി കൗൺസിലിൽ നിന്നും പുറത്താക്കപ്പെട്ട ഗോപാല പിള്ളയുടെ നേതൃത്വത്തിൽ ചില ആളുകൾ ചേർന്ന് ആണ് ഇപ്പോൾ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് എന്ന പേരിൽ ബഹ്റൈനിൽ വച്ച് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നതെന്നും, ഇതിന് യഥാർത്ഥ വേൾഡ് മലയാളി കൗൺസിലുമായി യാതൊരു ബന്ധവുമില്ലെന്നും, നിയമവിരുദ്ധമായാണ് ഇത് നടത്തുന്നതെന്നും വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ ആരോപിച്ചു. നേരത്തേ തന്നെ ദൃശൃപത്രമാധൃമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഈ സംഘടനയുടെ പേരിൽ ഇല്ലാത്ത പദ്ധതികളെ കുറച്ചു വാർത്ത പ്രസിദ്ധീകരിക്കുകയും സംഘടനയുടെ പേരിന് അവമതിപ്പുണ്ടാക്കുകയും ചെയ്തതിനെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ2021 മേയിൽ സംഘടനയുടെ പേര് ഉപയോഗിച്ച് കോടി കണക്കിന് രൂപയുടെ വ്യാജ പ്രോജക്ടുകൾ അവതരിപ്പിച്ചതിനെതിരെ കോട്ടയം എസ്.പി ഓഫീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

മൂന്നു പതിറ്റാണ്ടു നീണ്ട പ്രവർത്തന പാരമ്പര്യമുള്ള വേൾഡ് മലയാളി കൗൺസിലിന്റെ പേരും ലോഗോയും അനധികൃത മാർഗ്ഗത്തിലൂടെ ഉപയോഗിച്ച് സംഘടനക്ക് സമൂഹ മദ്ധ്യത്തിൽ അവമതിപ്പുണ്ടാക്കുന്നതിനെതിരെ ശക്തിയായി പ്രതിഷേധിക്കുന്നുവെന്നും ഇത്തരത്തിൽ അനധികൃതമായി നടത്തുന്ന കോൺഫറൻസ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബന്ധപ്പെട്ടവര്‍ക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള , ഗ്ലോബൽ ട്രഷറർ ജയിംസ് കൂടൽ എന്നിവർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

ഇന്ന് മുതൽ ബഹ്റൈനിലെ ഡിപ്ലോമാറ്റ് റാഡിസൺ ഹൊട്ടലിൽ വെച്ച് നടക്കുന്ന സമ്മേളനം ജൂൺ 25നാണ് അവസാനിക്കുന്നത്.   

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed