ആ വിഐപി ഞാനല്ല: വ്യവസായി മെഹബൂബ് അബ്ദുല്ല


നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചുനൽകിയ വിഐപി താനല്ലെന്ന് പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ല. മൂന്നു വർഷം മുൻപ് ഖത്തറിൽ 'ദേ പുട്ട്' തുടങ്ങാനാണ് ആദ്യമായി ദിലീപിനെ കാണുന്നതെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആ വിഐപി താനല്ലെന്ന് തനിക്ക് ഉറപ്പിച്ചുപറയാൻ പറ്റും. ബാക്കി അന്വേഷണത്തിൽ കണ്ടുപിടിക്കട്ടെ. മൂന്ന് വർഷംമുൻപ് ദിലീപിനെ കണ്ടിരുന്നു. മൂന്നു വർഷം മുൻപ് ദേ പുട്ട് ഖത്തറിൽ ഉദ്ഘാടനം ചെയ്യാനിരുന്നപ്പോഴാണ് ദിലീപിനെ ആദ്യമായി കാണുന്നത്. വീട്ടിൽ പോയിരുന്നു. അവിടെ കാവ്യയും ഒരു കുട്ടിയുമുണ്ടായിരുന്നു. ചായ കുടിക്കുകയും ബിസിനസ് കാര്യങ്ങൾ സംസാരിക്കുകയും മാത്രമാണ് ചെയ്തതെന്നും മെഹബൂബ് വെളിപ്പെടുത്തി. 

ദിലീപുമായി നല്ല ബന്ധമുണ്ട്. ബിസിനസ് പാർട്ണർമാരാണ്. ഖത്തറിലെ ദേപുട്ട് റെസ്റ്റോറന്റിന്റെ നാല് പാർട്ണർമാരിൽ ഒരാളാണ് താൻ. മറ്റുള്ള കാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ല. ദിലീപിന് ഡാറ്റകൾ കൈമാറിയെന്നും അത് കോട്ടയത്തുള്ള ആളാണ്, ഹോട്ടൽ വ്യവസായിയാണ് എന്നൊക്കെയാണ് പറയുന്നത്. അതിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും മെഹബൂബ് വ്യക്തമാക്കി. ''ഉദ്ഘാടനത്തിനു കണ്ട ശേഷം ഒരു പ്രാവശ്യം വീട്ടിൽ പോയി ഇടപാടിനെക്കുറിച്ച് സംസാരിക്കാൻ പോയതല്ലാതെ വേറെ കണ്ടിട്ടൊന്നുമില്ല. തൃശൂരിലുള്ള മുഷ്താഖും കോഴിക്കോട്ടിൽനിന്നുള്ള ലിജേഷുമാണ് കൂടെയുണ്ടായിരുന്നത്. 2017ൽ ദിലീപിനെ കണ്ടിട്ടുമില്ല, അദ്ദേഹവുമായി ഒരു ബന്ധവുമില്ല. ബാലചന്ദ്രകുമാറിനെ തന്നെ എനിക്ക് അറിയില്ല. ദേ പുട്ട് ഖത്തറിലെ ബന്ധം മാത്രമാണ് ദിലീപുമായുള്ളത്. ദുബൈയിൽ നേരത്തെ പ്ലാൻ ചെയ്തിരുന്നു. അതിന്റെ ഭാഗമാകാനായില്ല. ആ സമയത്താണ് പ്രശ്‌നങ്ങളുണ്ടായത്. അതോടെ പിന്മാറുകയായിരുന്നുവെന്ന് മെബ്ബൂബ് വ്യക്തമാക്കി.

You might also like

Most Viewed